സുൽത്താൻ ബത്തേരി: രണ്ട് വർഷം മുമ്പ് കർണാടകയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ബത്തേരി ദൊട്ടപ്പൻകുളം സ്വദേശി ദീപേഷ് (36)ന്റെ മരണത്തിലും ദുരൂഹത. കുടകിലെ കുട്ടയിലുള്ള കാപ്പി എസ്റ്റേറ്റിലെ കുളത്തിൽ മീൻവലയിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടത്.
ഷൈബിൻ ബ്ലൂപ്രിന്റ് തയ്യാറാക്കി ക്വട്ടേഷൻ ടീമുകളെ ഉപയോഗിച്ച് അബുദാബിയിൽ രണ്ടുപേരെ കൊലപ്പെടുത്തിയെന്ന് പറയുന്ന ദിവസം തന്നെയാണ് ദീപേഷും മരിച്ചത്. ദീപേഷിന്റെ മരണത്തിലും ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. നന്നായി നീന്തൽ അറിയാവുന്ന ആളായിരുന്നു ദീപേഷ്.
ഏഴ് വർഷം മുമ്പാണ് വടംവലിയുമായി ബന്ധപ്പെട്ട തർക്കത്തിൽ ദീപേഷിന് ക്രൂരമർദ്ദനമേറ്റത്. ഷൈബിന്റെ ഗുണ്ടാ സംഘമാണ് തട്ടികൊണ്ടുപോയി മർദ്ദിച്ചത്. മർദ്ദനമേറ്റ് മൃതപ്രായനായ ഇയാളെ കൊളഗപ്പാറയിലെ എസ്റ്റേറ്റിൽ ഉപേക്ഷിച്ച് പോവുകയായിരുന്നു. ഇത് സംബന്ധിച്ച കേസ് പണം നൽകി ഒത്തുതീർക്കുകയായിരുന്നു. എന്നാൽ ഈ ഇടപാടിൽ പറഞ്ഞ തുക മുഴുവൻ നൽകാതെ ഇടനിലക്കാരായ ഗുണ്ടാസംഘം തുക കുറച്ചാണ് നൽകിയതെന്ന് പറയപ്പെടുന്നു.
ഈ സംഭവത്തിന് ശേഷമാണ് ദീപേഷ് സുഹൃത്തിനോടൊപ്പം കാപ്പി എസ്റ്റേറ്റിൽ ജോലിക്ക് പോയത്. കാപ്പി നനയ്ക്കലും മറ്റുമായിരുന്നു ജോലി. കൊവിഡിന്റെ തീവ്രത കൂടിയ സമയമായിരുന്നതുകൊണ്ട് അവിടെ പോയി കൂടുതൽ അന്വേഷിക്കുന്നതിന് കഴിഞ്ഞില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ദീപേഷിന്റെ മരണത്തെ കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കുടുംബം പൊലീസിൽ പരാതി നൽകി.