പുൽപ്പള്ളി: എം.വി.ടോമിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സൗത്ത് ഇന്ത്യൻ ബാങ്ക് അധികൃതരുടെ വിശദീകരണം അടിസ്ഥാനരഹിതമാണെന്ന് കർഷക സംഘം പുൽപ്പള്ളി ഏരിയാ കമ്മറ്റി. ജപ്തി നടത്തിയില്ലെന്നും ഉപഭോക്താവിന് മേൽ യാതൊരുവിധ സമ്മർദ്ദവും ചെലുത്തിയില്ലെന്നും പ്രശ്നം രമ്യമായി പരിഹരിക്കാൻ ശ്രമം നടത്തിവരികയാണെന്നുമുള്ള ബാങ്കിന്റെ വിശദീകരണം അവാസ്തവമാണ്.
വായ്പ കുടിശികയായതിനെ തുടർന്ന് സർഫാസി നിയമപ്രകാരം ബാങ്ക് നിയമ നടപടികൾ സ്വീകരിച്ചു.
കുടിശിക ഒത്തുതീർപ്പാക്കാനും വായ്പ അടയ്ക്കാനും ടോമിയുടെ കുടുംബം പല തവണ ബാങ്കിനെ സമീപിച്ചതാണ്. സംഭവ ദിവസം രാവിലെ 3 ലക്ഷം രൂപയുമായി ബാങ്കിലെത്തിയ ടോമിയുടെ ഭാര്യയെ പണം സ്വീകരിക്കാതെ ബാങ്ക് അധികാരികൾ തിരിച്ചയച്ചു.
പൊലീസിന്റേയും സ്വകാര്യ റിക്കവറി ഏജൻസിയുടേയും സഹായത്തോടെ ടോമിയുടെ വീട്ടിലെത്തിയ കോടതി കമ്മീഷനായ അഭിഭാഷകയും ബാങ്ക് അധികൃതരും കാട്ടിക്കൂട്ടിയത് മനുഷ്യത്വരഹിതമായ പ്രവർത്തികളാണ്. വീടിന്റെ മുൻഭാഗം താഴിട്ട് പൂട്ടി. പുറത്തേക്കുള്ള വാതിൽ ഇരുമ്പുപട്ട വെച്ച് ബന്ധിച്ചു. അലമാരയിൽ നിന്ന് വസ്ത്രങ്ങളും മറ്റ് രേഖകളും വലിച്ചുവാരി താഴെയിട്ടു.

കോടതി കമ്മീഷനായെത്തിയ അഭിഭാഷകയുടെയും പൊലീസിന്റെയും സാന്നിദ്ധ്യത്തിലാണ് റിക്കവറി ഓഫീസർമാരെന്ന സ്വകാര്യ ക്വട്ടേഷൻ സംഘം ഇതെല്ലാം ചെയ്തത്. വാതിൽ ചവിട്ടിപൊളിക്കാൻ ശ്രമിച്ച പോലീസും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഒരു മനുഷ്യന്റെ മരണത്തിന് ശേഷവും തങ്ങളുടെ നടപടിയെ ബാങ്ക് ന്യായീകരിക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല.

യോഗത്തിൽ എ.വി.ജയൻ അദ്ധ്യക്ഷത വഹിച്ചു. ടി.ബി.സുരേഷ്, പ്രകാശ് ഗഗാറിൻ, കെ.എൻ.സുബ്രഹ്മണ്യൻ, കെ.എസ്.ഷിനു, കെ.കെ.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.