കോഴിക്കോട് : കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന സരോവരം ബയോപാർക്ക് നവീകരിക്കുന്നു. പാർക്കിന്റെ ആദ്യഘട്ട നവീകരണത്തിന് സാങ്കേതിക അനുമതി ലഭിച്ചു. ടൂറിസം വകുപ്പാണ് പാർക്ക് നവീകരിക്കുന്നത്. 1.74 കോടിയുടെ നവീകരണ പ്രവൃത്തി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയ്ക്കാണ്.
അടച്ചുപൂട്ടിയതിനെ തുടർന്ന് ദൈനംദിന ശുചീകരണവും കൃത്യസമയത്തുള്ള നവീകരണവും നടന്നിരുന്നില്ല. കൂടുതൽ വിശാലമായ സൗകര്യത്തോടെ നവീകരണം നടപ്പാക്കാനാണ് ടൂറിസം വകുപ്പ് ഒരുങ്ങുന്നത്. ആദ്യ ഘട്ടത്തിൽ അടിയന്തരമായി പൂർത്തിയാക്കേണ്ട പ്രവൃത്തികളാണുള്ളത്. തകർന്ന ഫൂട്ട്പാത്തുകൾ ശരിയാക്കും. മഴയെ തുടർന്നും മരങ്ങളുടെ വേരുകൾ പടർന്നും മിക്ക ഭാഗങ്ങളിലും ഫൂട്ട്പാത്തുകൾ തകർന്നിരുന്നു. ഇലക്ട്രിക്കൽ പ്ലംബിംഗ് പ്രശ്നങ്ങൾ പരിഹരിക്കും. നടപ്പാതയിൽ കോബിൾ സ്റ്റോൺ വിരിക്കും. വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ മികച്ച ഡ്രെയിനേജ് സംവിധാനം ഒരുക്കും. ചെടികളും മറ്റും കൂടുതൽ ആകർഷകമായ രീതിയിൽ വെച്ചുപിടിപ്പിക്കും. കാടുകയറിയ ഭാഗങ്ങളെല്ലാം വെട്ടിത്തെളിയ്ക്കും. ആംഫി തിയേറ്റർ അറ്റകുറ്റപ്പണി പൂർത്തിയാക്കും. കുട്ടികളുടെ പാർക്കിൽ കൂടുതൽ ആകർഷകമായ രീതിയിൽ നവീകരിക്കും.
അടിസ്ഥാന പ്രവൃത്തികൾ പൂർത്തിയാക്കിയാൽ അടുത്ത ഘട്ടത്തിൽ കെട്ടിടങ്ങൾ നവീകരിക്കും. പാർക്കിൽ കൂടുതൽ ടോയ്ലറ്റ് സംവിധാനം ഒരുക്കും. ഒരു കെട്ടിടം പൂർണമായി ടോയ്‌ലെറ്റ് കോംപ്ലക്‌സാക്കി മാറ്റാനാണ് തീരുമാനം. പാർക്കിൽ വരുന്ന വിദ്യാർത്ഥികൾക്കും മറ്റും പ്രകൃതിയെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും അറിയുന്നതിന് ഉപകരിക്കുന്ന പ്രകൃതി പഠന കേന്ദ്രം ഒരുക്കും. ഡിജിറ്റൽ ഡിസ്‌പ്ലേ വഴി സരോവരത്തിലെ ജൈവ വൈവിദ്ധ്യം പരിചയപ്പെടുത്തുന്ന സംവിധാനവും ലാൻഡ് സ്‌കേപ്പിംഗും ഒരുക്കും.