കോഴിക്കോട് : ആസാം റൈഫിൾസിൽ നിന്നും വിരമിച്ചവരുടെ കൂട്ടായ്മ ആസ്സാം റൈഫിൾസ് എക്‌സ് സർവീസ് മെൻ അസോസിയേഷൻ ( അരീസ ) മലബാർ മേഖലയിൽ ഓഫീസ് പ്രവർത്തനം ആരംഭിച്ചു.
വെസ്റ്റ്ഹിൽ അരീസ സെന്ററിൽ നടന്ന ചടങ്ങിൽ ആസാം റൈഫിൾസ് ഡയറക്ടർ ജനറൽ പ്രദീപ് ചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. വിമുക്ത ഭടന്മാർക്കുള്ള ക്ഷേമ പ്രവർത്തനങ്ങളുടെ ഏകോപനം സുതാര്യമാക്കാനാണ് അരീസ ലക്ഷ്യമിടുന്നതെന്ന് ഡയറക്ടർ ജനറൽ പ്രദീപ് ചന്ദ്രൻ നായർ പറഞ്ഞു. അരീസ പ്രസിഡന്റ് എൻ. രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. സർവീസിൽ നിന്നും കൂടുതൽ മെഡൽ നേടിയ കമാന്റന്റ് വി. വാസുദേവൻ, ധീരതയക്ക് ദേശീയ പുരസ്‌ക്കാരം നേടിയ ഹവിൽ ദാർ പി .കെ ശിവദാസൻ , വിശിഷ്ട സേവനത്തിന് രാഷ്ടപതിയുടെ പൊലീസ് മെഡൽ നേടിയ എ. സുധാകരൻ എന്നിവരെയും മുൻ സൈനികരുടെ വിധവകളെയും ആദരിച്ചു. കമാന്റന്റ് എം. ശശീന്ദ്രൻ , ലെഫ്റ്റ്നന്റ് കേണൽ രോഹൽ മഹാജൻ , ബ്രിഗേഡിയർ വി.എൻ. കുൽക്കർണി , സെക്കന്റ് ഇൻ കമാന്റന്റ് കെ.ബി. കാർഗി , ഡെപ്യൂട്ടി കമാന്റന്റ് എൻ.സി. യാദവ് എന്നിവർ പ്രസംഗിച്ചു.സെന്റർ ഉദ്ഘാടനത്തിന് ശേഷം ഹോട്ടൽ ഹൈസണിൽ വിമുക്ത ഭടന്മാരുടെ കുടുംബാംഗങ്ങളുടെ ഒത്തുചേരലും നടന്നു. ചേലിയ കഥകളി വിദ്യാലയം അവതരിപ്പിച്ച കല്യാണ സൗഗന്ധികം കഥകളിയോടെയായിരുന്നു ചടങ്ങിന് തുടക്കം.