നാദാപുരം: എടച്ചേരി ഗ്രാമ പഞ്ചായത്തിലെ ഇരിങ്ങണ്ണൂർ പ്രദേശത്ത് കാറ്റിലും മഴയിലും രണ്ടു വീടുകൾ തകർന്നു വീണു. പഞ്ചായത്തിലെ അഞ്ചാം വാർഡിലെ മഞ്ഞോത്ത് മീത്തൽ ബീനയുടെ വീടാണ് തകർന്നത്. ബീനയുടെ അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ ബീനയും മക്കളും കടവത്തൂരിലെ വീട്ടിലായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. മേൽക്കൂരയുടെ ഓടും മരങ്ങളും തകർന്ന് അകത്തേക്ക് വീഴുകയായിരുന്നു. വീട്ടുസാധനങ്ങളടക്കം എല്ലാം നശിച്ച അവസ്ഥയിലാണ്. ഏഴാം വാർഡിൽ കച്ചേരി സ്കൂളിനടുത്ത കൂമുള്ളി ജാനുവിന്റെ വീട് ഇന്നലെ 7 മണിയോടെയാണ് തകർന്നു വീണത്. ജാനുവും വീട്ടുകാരും ശബ്ദം കേട്ട് വീടിന് പുറത്തേക്ക് ഓടിയതിനാൽ ആളപായം ഒഴിവായി. ഓടിട്ട ഒറ്റ നില വീടാണ് പൂർണ്ണമായി തകർന്ന് വീണത്.