കൽപ്പറ്റ: യാക്കോബായ സുറിയാനി സൺഡേ സ്‌കൂൾ ശതാബ്ദിയുടെ ഭാഗമായി ദേവാലയങ്ങളിൽ പതാക ഉയർത്തി. കോഴിക്കോട്, വയനാട് , മലപ്പുറം, കണ്ണൂർ, ബംഗളൂരു, ചെന്നൈ, മംഗലാപുരം ഉൾപ്പെടുന്ന വടക്കൻ മേഖല ശതാബ്ദി സമ്മേളനം 22ന് മാനന്തവാടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പളളിയിൽ നടക്കും. വൈവിദ്ധ്യമാർന്ന ആഘോഷ പരിപാടികൾക്കൊപ്പം നടക്കുന്ന പൊതുസമ്മേളനത്തിൽ സഭാ പിതാക്കന്മാർ, ജനപ്രതിനിധികൾ, സാമുദായിക നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. പതാക , ദീപശിഖാ, ഛായാചിത്ര പ്രയാണങ്ങൾ സമ്മേളനത്തിന് മുന്നോടിയായി നടക്കും. മാനന്തവാടി സെന്റ് ജോർജ് പള്ളിയിൽ വികാരി ഫാ.ഡോ.കുര്യാക്കോസ് വെള്ളച്ചാലിൽ പതാക ഉയർത്തി. സഹ വികാരി ഫാ. എൽദോ മനയത്ത്, സഭാ മാനേജിംഗ് കമ്മിറ്റി അംഗം കെ.എം.ഷിനോജ്, ട്രസ്റ്റി ഷാജി മൂത്താശ്ശേരി, സെക്രട്ടറി കുര്യാക്കോസ് വലിയപറമ്പിൽ, ഡിസ്ട്രിക് ഇൻസ്‌പെക്ടർ എബിൻ പടിക്കാട്ട്, എൻ.പി.കുര്യൻ, കെ.എസ്.സാലു, റോയി പടിക്കാട്ട്, ജോസ് വാണാക്കുടി, ഷിജോ മുണ്ടയ്ക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.