പേരാമ്പ്ര : പേരാമ്പ്ര വടകര റോഡ് ജംഗ്ഷൻ പരിസരത്തെ നടപ്പാത കാടു കയറി നശിക്കുന്നത് കാൽനടയാത്രക്കാരെ ദുരിതത്തിലാക്കുന്നു. ചാനിയംകടവ് മേപ്പയ്യൂർ റോഡ് സംബന്ധിക്കുന്ന ജംഗ്ഷനിൽ റജിസ്റ്റർ ഓഫീസ്, ഇലക്ട്രിസിറ്റി ഡിവിഷണൽ ഓഫീസ് ,കോടതി ,ആധാരം എഴുത്ത് ഓഫീസ്, സൗത്ത് ഇന്ത്യൻ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക് തുടങ്ങി പ്രധാന സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മേഖലയിൽ പലപ്പോഴും തിരക്കും കൂടുതലാണ്. കാട്ടുപാതയായിട്ട് നാളുകളായിട്ടും ഇത് നന്നാക്കുന്നതിന് ബന്ധപ്പെട്ടവർ നടപടികളെടുക്കുന്നില്ലെന്ന് യാത്രക്കാർ പറയുന്നു. ദിനംപ്രതി നിരവധി പേർ പ്രഭാത സവാരിക്കും, ദേവാലയ ദർശനത്തിനും ഈ വഴിയിലൂടെ സഞ്ചരിക്കുന്നുണ്ട്. നടപ്പാതയിലൂടെയുള്ള യാത്ര ദുരിതപൂർണമായതിനാൽ വിദ്യാർത്ഥികളടക്കമുള്ളവർ റോഡിലിറങ്ങി നടക്കേണ്ട ഗതികേടിലാണ്. വാഹനങ്ങൾ ചീറിപ്പായുന്ന റോഡിൽ ഇത് വൻ അപകടസാദ്ധ്യതയാണ് ഉയർത്തുന്നത്. പകൽ സമയങ്ങളിൽ ഈ വഴിയിലുള്ള ഇഴജന്തുശല്യവും ജനങ്ങളെ ദുരിതത്തിലാക്കുന്നു. സ്ത്രീകളും, പ്രായമായവരുമടക്കം നിരവധി പേർ സഞ്ചരിക്കുന്ന വഴിയിലാണ് ഈ ദുർഗതി. അടിയന്തരമായി ഇക്കാര്യത്തിൽ ബന്ധപ്പെട്ടവർ നടപടികളെടുക്കണമെന്നാണ് ഈ വഴിയുള്ള സഞ്ചാരികളുടെ ആവശ്യം. മഴക്കാലമാവുന്നതോടെ യാത്ര കൂടുതൽ ദുഷ്കരവും. നടപ്പാതയിലെ തടസം നീക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയരുന്നു.