fire
കോ​ഴി​ക്കോ​ട് ​ന​ട​ക്കാ​വി​ലെ​ ​ഇ​ല​ക്ട്രോ​ണി​ക്സ് ​സ്ഥാ​പ​ന​ത്തി​ന്റെ​ ​ഗോ​ഡൗ​ണി​ലു​ണ്ടാ​യ​ ​തീ​പി​ടി​ത്തം​ ​അ​ഗ്നി​ശ​മ​ന​സേ​ന​ ​അ​ണ​യ്ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്നു.

കോഴിക്കോട്: നഗരത്തിൽ വയനാട് റോഡിൽ ഇലക്ട്രോണിക്സ് സ്ഥാപനത്തിന്റെ ഗോഡൗണിൽ തീപിടിത്തം. നടക്കാവിലെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിന് മുമ്പിലായി കണ്ണങ്കണ്ടി ഷോറൂമിന്റെ ഗോഡൗണിലാണ് തീപിടിത്തം. അഗ്‌നിരക്ഷാസേനയും പൊലീസും ചേർന്ന് ഒന്നര മണിക്കൂറോളം പണിപ്പെട്ട് തീയണച്ചതോടെ വൻദുരന്തം ഒഴിവായി. ലാബടക്കം നിരവധി ഓഫീസുകളും സമീപത്തായി ആശുപത്രിയും പ്രവർത്തിച്ചിരുന്നു. തീപിടിത്തമുണ്ടായതോടെ പൊലീസ് ഗതാഗത നിയന്ത്രണമേർപ്പെടുത്തിയപ്പോൾ രണ്ടുമണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം കുരുക്കിലായി.
മെറിഡിയൻ മാൻഷൻ എന്ന മൂന്ന് നില സമുച്ചയത്തിലെ പാർക്കിംഗ് ഭാഗത്താണ് ഉച്ചയ്ക്ക് രണ്ടേകാലോടെ തീപിടിത്തമുണ്ടായത്. എതിർവശത്തുള്ള കണ്ണങ്കണ്ടി ഇ-സ്‌റ്റോറിലെ ടി.വിയും ഫ്രിഡ്ജുമടക്കമുള്ള സാധനങ്ങളുടെ കടലാസുപെട്ടികളും തെർമോകോളുമടക്കം സൂക്ഷിച്ച ഗോഡൗണാണിത്. കാര്യമായ നാശനഷ്ടങ്ങളില്ലെന്ന് അഗ്‌നിരക്ഷസേന അറിയിച്ചു. മെയിൻസ്വിച്ചിൽ നിന്നാണോ തീ പടർന്നതെന്ന് പരിശോധിക്കും. എന്നാൽ, ഇവിടെ വൈദ്യുതി കണക്‌ഷനില്ലെന്ന് കണ്ണങ്കണ്ടി ഗ്രൂപ്പ് മാനേജർ ഹരീഷ് കുമാർ പറഞ്ഞു. കണ്ണങ്കണ്ടി ഇ സ്റ്റോറിൽ പ്രദർശനത്തിന് വെക്കുന്ന ഗൃഹോപകരണങ്ങളുടെ പാക്കിംഗ് സാധനങ്ങൾ സൂക്ഷിക്കുന്ന മുറിയാണിത്. ഏതാണ്ട് ആയിരം സ്‌ക്വയർഫീറ്റ് വരും. ആളുകളൊന്നും മുറിയിൽ പെരുമാറാറില്ലെന്നും ഹരീഷ് കുമാർ പറഞ്ഞു. പുക ഉയർന്നതോടെ ഈ സമുച്ചയത്തിലെ സ്ഥാപനങ്ങളിൽ നിന്ന് ജീവനക്കാരെ ഉടൻ മാറ്റി. സമീപത്തെ ഷിബ ആശുപത്രിയിലേക്ക് തീ പടരാതിരുന്നത് ആശ്വാസമായി. പുകച്ചുരുളുകൾ വലിയ രീതിയിൽ ഉയർന്നപ്പോൾ ഫയർഫോഴ്‌സ് ടീം തീപിടിത്തമുണ്ടായ ഭാഗത്തെ വാർഡുകളിൽ നിന്നും രോഗികളെ മറ്റൊരു ഭാഗത്തേക്ക് മാറ്റി. ഫയർഫോഴ്സ് ടീം സമയോചിതമായി ഇടപെട്ടില്ലായിരുന്നെങ്കിൽ വലിയ അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമായിരുന്നു. ബീച്ച് സ്റ്റേഷൻ ഓഫീസർ പി.സതീഷിന്റെ നേതൃത്വത്തിൽ ബീച്ച് സ്‌റ്റേഷനിലെ നാലും മീഞ്ചന്തയിലെ ഒന്നും അഗ്‌നി രക്ഷാസംഘങ്ങളാണ് തീയണയ്ക്കാനെത്തിയത്. ടൗൺ പൊലീസ് അസി. കമ്മിഷണർ പി. ബിജുരാജ്, സ്‌പെഷ്യൽ ബ്രാഞ്ച് അസി. കമ്മിഷണർ എ. ഉമേഷ്, എൽ.ആർ തഹസിൽദാർ സി. ശ്രീകുമാർ, ഡെപ്യൂട്ടി തഹസിൽദാർ കെ. ഗായത്രി എന്നിവരും സ്ഥലത്തെത്തിയിരുന്നു. വരുംദിവസങ്ങളിൽ കൂടുതൽ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.