കൽപ്പറ്റ: വെങ്ങപ്പള്ളിയിലെ കരിങ്കൽ ക്വാറികളിലെ മൺകൂനകൾ അപകട ഭീഷണി ഉയർത്തുന്നു. വെങ്ങപ്പള്ളി ട്വന്റി ട്വന്റി ക്വാറി, ചൂരിയാറ്റ പുതിയ വീട്‌ കോളനിക്ക് സമീപത്തെ ക്വാറി എന്നിവിടങ്ങളിലാണ് അപകടകരമാംവിധം മണ്ണ് കൂട്ടിയിട്ടിരിക്കുന്നത്.

പാറ ഖനനം ചെയ്യാനായി നീക്കം ചെയ്ത മണ്ണാണ് ക്വാറികൾക്ക് സമീപം കൂട്ടിയിട്ടിരിക്കുന്നത്. നൂറുകണക്കിന്‌ലോഡ് മണ്ണാണ് യാതൊരുവിധ സുരക്ഷാ സംവിധാനവും ഒരുക്കാതെ കൂട്ടിയിട്ടിരിക്കുന്നത്. മഴ ആരംഭിച്ചതോടെ പ്രദേശവാസികൾ ആശങ്കയോടെയാണ് കഴിയുന്നത്.
വെങ്ങപ്പള്ളി പഞ്ചായത്ത് ഓഫീസിന് 500 മീറ്റർ മാത്രം അകലെയാണ് ട്വന്റി ട്വന്റി ക്വാറി. റോഡരികിൽ തന്നെയുള്ള ക്വാറിയിൽ 20 മീറ്ററോളം ഉയരത്തിലാണ് മണ്ണ് കൂട്ടിയിട്ടിരിക്കുന്നത്. മഴ ശക്തമാകുന്നതോടെ മണ്ണ്‌ റോഡിലേക്ക് ഒഴുകിയെത്തും.

റോഡിൽ നിന്ന് 10 മീറ്റർ പോലും ദൂരം പാലിക്കാതെയാണ് മൺകൂന ഉള്ളത്. ചൂരിയാറ്റ പുതിയവീട് ക്വാറിയിലും സമാനമായ രീതിയിലാണ് മണ്ണ് കൂട്ടിയിട്ടിരിക്കുന്നത്. വടക്കേവീട് പണിയ കോളനി, വേലത്തൂർ പണിയ കോളനി, പുതിയവീട്‌ കോളനി, കരിമ്പാലൻ കോളനി എന്നീ നാല് ആദിവാസി കോളനികളും അംഗൻവാടിയും ക്വാറിയുടെ തൊട്ടടുത്താണ്.

കഴിഞ്ഞദിവസം ആക്‌ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വാറിയിൽ ഉപരോധ സമരം നടത്തിയിരുന്നു. പ്രദേശവാസികളുടെ സ്വൈര്യജീവിതത്തിന് ഭീഷണിയായ ക്വാറികൾ അടച്ചുപൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അതിശക്തമായ മഴയുടെ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ യന്ത്രങ്ങൾ ഉപയോഗിച്ചുള്ള മണ്ണ് നീക്കം ചെയ്യലിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അപകടഭീഷണി ഉയർത്തുന്ന ഇത്തരം മൺമലകൾ നീക്കംചെയ്യാൻ കളക്ടർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.