വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി
വൈത്തിരി: വയനാട് ചുരത്തിലൂടെ കഴിഞ്ഞ ദിവസം രാത്രി യാത്ര ചെയ്ത ചില യാത്രക്കാർക്ക് നെഞ്ചിടിപ്പ് മാറിയിട്ടില്ല. റോഡിൽ പ്രത്യക്ഷപ്പെട്ട പെരുമ്പാമ്പ് ആണ് യാത്രക്കാരെ പരിഭ്രാന്തരാക്കിയത്. ചുരം ഒൻപതാം വളവിനു സമീപം റോഡിലൂടെയാണ് പാമ്പ് ഇഴഞ്ഞു നീങ്ങിയത്. ഭീമൻ പെരുമ്പാമ്പിനെ കണ്ടതോടെ വാഹനങ്ങൾ നിർത്തി പലരും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി.
യാത്രക്കാർ പകർത്തിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളും ഇതിന വൈറലായി.
മൂന്നു മീറ്ററിലധികം നീളമുള്ള പെരുമ്പാമ്പാണ് റോഡിലൂടെ ഇഴഞ്ഞത്. യാത്രക്കാരിൽ പലർക്കും ചുരത്തിൽ ഇത് ആദ്യ അനുഭവമാണ്. എന്നാൽ ചുരത്തിൽ സ്ഥിരമായി സേവനം ചെയ്യുന്ന ചുരം സംരക്ഷണ സമിതി പ്രവർത്തകർക്കും പൊലീസിനും ഈ കാഴ്ച പുതുമയുള്ളതല്ല. പലതവണ ഇത്തരത്തിൽ പാമ്പുകൾ റോഡിന് കുറുകെ നീങ്ങുന്നത് കണ്ടിട്ടുണ്ടെന്ന് ചുരം സംരക്ഷണ സമിതി പ്രവർത്തകർ പറഞ്ഞു.