സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി പട്ടണത്തോട് ചേർന്ന് കിടക്കുന്ന കട്ടയാട്-ബീനാച്ചി പ്രദേശങ്ങളിൽ കടുവ ശല്യം. കഴിഞ്ഞ ദിവസം പട്ടണത്തിലെ നേതാജി നഗർ റോഡിൽ കടുവയിറങ്ങിയത് ജനങ്ങളെ ഭീതിയിലാക്കി. കാലത്ത് ഏഴേകാലോടെയാണ് ബത്തേരി പട്ടണത്തിൽ നിന്ന് ഇരുനൂറ് മീറ്റർ മാറിയുള്ള നേതാജി നഗർ റോഡിൽ കടുവയിറങ്ങിയത്. നിറയെ ജനങ്ങൾ താമസിക്കുന്ന പ്രദേശമാണ് ഇത്.
ഞായറാഴ്ച കാലത്ത് നാട്ടിലിറങ്ങിയ കടുവ പ്രദേശത്തെ കർഷകരുടെ തോട്ടങ്ങളിലായി കഴിയുകയായിരുന്നു. വൈകീട്ടോടെ കടുവ വീണ്ടും ജനവാസ പ്രദേശത്ത് പ്രത്യക്ഷപ്പെട്ടു. തൊട്ടടുത്ത് വനമാണെങ്കിലും വനത്തിലേക്ക് പോകാതെ കടുവ ജനങ്ങളുടെ കൃഷിയിടത്തിലും മറ്റുമായി കഴിഞ്ഞുകൂടുകയായിരുന്നു.
കട്ടയാട് മുതൽ -ബീനാച്ചി വരെയുള്ള ഭാഗങ്ങളിൽ കഴിഞ്ഞ മൂന്ന് മാസമായി തുടർച്ചയായി കടുവയുടെ സാന്നിദ്ധ്യമുണ്ട്. പകൽ കടുവയിറങ്ങിയതോടെ പ്രദേശത്തെ ജനങ്ങൾ ആകെ ഭീതിയിലായി. കടകളിലും ഓഫീസുകളിലും പോകുന്നവർ സന്ധ്യയ്ക്ക് മുമ്പ് വീടുകളിലെത്തുകയാണ്. കാൽനടയാത്ര ഒഴിവാക്കി വാഹനത്തിലാണ് വീടുകളിലേക്ക് എത്തുന്നത്. കുട്ടികളെ പുറത്ത് വിടാറില്ല. കടുവയെപേടിച്ച് അത്യാവശ്യങ്ങൾക്കു പോലും രാവിലെ ആരും പുറത്തിറങ്ങുന്നില്ല.
ബീനാച്ചിക്കടുത്ത ചീനപ്പുല്ല് ഭാഗത്ത് നിന്നാണ് കടുവ എത്തിയതെന്നാണ് വനം വകുപ്പിന്റെ നിഗമനം. ഇവിടെ കുറ്റിച്ചെടികൾ നിറഞ്ഞ് കാട് പിടിച്ച് കിടക്കുന്ന ചില തോട്ടങ്ങളുണ്ട് ഇവിടെയാണ് ഇത് കഴിയുന്നത്.
ബത്തേരി കെ.എസ്.ആർ.ടി.സി ഗ്യാരേജ് മുതൽ ബീനാച്ചി വരെയുള്ള ഭാഗങ്ങൾ കാടുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. ഇവിടെ പന്നി, മാൻ, കാട്ടാട് എന്നിവയുടെ വിഹാര കേന്ദ്രമായിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി കടുവകൂടി ഇവിടെ എത്താൻ തുടങ്ങി.
പ്രദേശത്ത് വനം വകുപ്പ് ആർ.ആർ.ടി ടീം രാത്രിയും പകലും നിരീക്ഷണം നടത്തുന്നുണ്ട്. കടുവയുടെ സാന്നിദ്ധ്യം പ്രദേശത്ത് കണ്ടെത്തിയതായി വനം വകുപ്പ് സ്ഥിരീകരിച്ചു. ജനങ്ങൾ അത്യാവശ്യത്തിനല്ലാതെ രാത്രി സമയങ്ങളിൽ പുറത്തിറങ്ങരുതെന്നും വീടുകളുടെ പുറത്തുള്ള ലൈറ്റുകൾ തെളിച്ചിടണമെന്നും ജാഗ്രത പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്.