കോഴിക്കോട്: സംസ്ഥാനത്തെ സ്‌കൂളിൽ കായിക വിദ്യാഭ്യാസ സുരക്ഷയ്ക്ക് വിശദമായ മാർഗരേഖ പുറപ്പെടുവിക്കാൻ ബാലാവകാശ കമ്മീഷൻ ഉത്തരവായി. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിൽ പ്രതികളാവുകയും പൊലീസ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്താൽ അത്തരക്കാരെ കുട്ടികളുമായി ഇടപഴകേണ്ടി വരുന്ന സ്ഥാനങ്ങളിൽ നിയമിക്കരുത്. ഇക്കാര്യം വിദ്യാഭ്യാസ വകുപ്പ് ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ വകുപ്പുകളും കൃത്യമായി പാലിക്കുന്നതിന് പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്ടറും ആഭ്യന്തര വകുപ്പ് സെക്രട്ടറിയും ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കണമെന്നും കമ്മീഷൻ അംഗം ബി.ബബിത നിർദേശം നൽകി. കായികാദ്ധ്യാപകനെതിരെ രജിസ്റ്റർ ചെയ്ത കേസുകളിൽ അന്വേഷണം പൂർത്തീകരിച്ച് താമരശ്ശേരി പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസർ കുറ്റപത്രം സമര്‍പ്പിക്കാൻ നിർദേശിച്ച കമ്മീഷൻ അദ്ധ്യാപകനെതിരെ ആരംഭിച്ച വകുപ്പുതല നടപടി സ്‌കൂൾ മനേജർ പൂർത്തീകരിച്ച് തുടർനടപടി സ്വീകരിക്കാനും നിർദേശം നൽകി. ബാലാവകാശ കമ്മീഷന് അഡ്വ.ബിജോയ് കെ.ഏലിയാസ് നല്‍കിയ പരാതിയുടെ പൊതുസ്വഭാവം പരിഗണിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.