കൽപ്പറ്റ: കോളിളക്കം സൃഷ്ടിച്ച മുട്ടിൽ മരംമുറി കേസിൽ മുൻ വില്ലേജ് ഓഫീസർ കീഴടങ്ങി. മുട്ടിൽ സൗത്ത് വില്ലേജ് ഓഫിസറായിരുന്ന കെ.കെ.അജിയാണ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ തിങ്കളാഴ്ച കീഴടങ്ങിയത്.
കേസിൽ അഗസ്റ്റിൻ സഹോദരൻമാർക്ക് പുറമെ പ്രതി ചേർക്കപ്പെട്ട സർക്കാർ ജീവനക്കാരിൽ ആദ്യ അറസ്റ്റാണിത്.
ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു. തുടർന്ന് സുപ്രീം കോടതിയെ സമീപിച്ചുനു. സുപ്രീം കോടതിയും ജാമ്യാപേക്ഷ തള്ളിയതോടെ അറസ്റ്റിന് വഴങ്ങുകയായിരുന്നു എന്നാണ് വിവരം.
സർക്കാരിന്റെ അനുമതിയില്ലാതെ ഈട്ടി മരങ്ങൾ മുറിച്ചു മാറ്റാൻ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് സഹായം നൽകിയതിനാണ് കേസിൽ പ്രതി ചേർത്തത്. വില്ലേജ് ഓഫീസറുടെ അനധികൃത ഇടപെടലിൽ 8 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.
പട്ടയഭൂമിയിൽനിന്ന് മരം മുറിക്കാൻ അനുമതി നൽകിയ സർക്കാർ ഉത്തരവിന്റെ മറവിൽ മുട്ടിൽ സൗത്ത് വില്ലേജിൽ നിന്ന് റവന്യൂ വകുപ്പിന്റെ അറിവോ അനുമതിയോ ഇല്ലാതെ വൻതോതിൽ ഈട്ടിമരങ്ങൾ മുറിച്ചുനീക്കാൻ സഹായിച്ചെന്നാണ് കേസ്. എന്നാൽ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അനുമതി നൽകിയതെന്നായിരുന്നു പ്രതിചേർക്കപ്പെട്ട ഉദ്യോഗസ്ഥരുടെ വാദം. ഈ വാദങ്ങളൊക്കെ തള്ളിയാണ് സുപ്രീം കോടതി ജാമ്യം നിഷേധിച്ചത്.