cremation
cremation

കോഴിക്കോട്: കോയിൽ കത്തിപ്പോയതിനെത്തുടർന്ന് സംസ്കാരം പൂർണമായി നിലച്ച മാവൂ‌ർ റോഡ് വൈദ്യുതി ശ്മശാനം പ്രവർത്തനക്ഷമമാകണമെങ്കിൽ അടുത്തമാസം വരെ കാത്തിരിക്കണം. ശ്മശാനത്തിന്റെ നവീകരണം നടക്കുന്നതിനാൽ പരമ്പരാഗത സംസ്കാരം നിറുത്തിവെച്ചിട്ട് മാസങ്ങളായിരുന്നു. അതിനിടെയാണ് ഒരാഴ്ച മുമ്പ് വൈദ്യുതി ശ്മശാനവും പണി മുടക്കിയത്.

ചെന്നൈയിലെ കമ്പനിയിലെ വിദഗ്ദ്ധരെത്തി ശ്മശാനത്തിൽ പരിശോധന നടത്തിയിരുന്നു. കോയിൽ വാങ്ങാനും മറ്റുമുള്ള നടപടികൾ കോർപ്പറേഷൻ തലത്തിൽ എടുത്തിട്ടുണ്ടെങ്കിലും തകരാർ പരിഹരിച്ച് ശ്മശാനം പ്രവർത്തനക്ഷമമാക്കാൻ കൂടുതൽ ദിവസം വേണ്ടിവരും. വൈദ്യുതി ശ്മശാനം സ്ഥാപിച്ച കമ്പനി അറ്റകുറ്റപ്പണി നടത്തണമെന്ന കരാർ നിലവിലുണ്ട്.

എന്നാൽ കോയിൽ കത്തിപ്പോയത് കരാറിൻെറ പരിധിയിൽ വരില്ല. ആകെയുള്ള മൂന്ന് കോയിലുകളിൽ രണ്ട് കോയിലുകൾ നേരത്തേ തകരാറിലായിരുന്നു. മൂന്നാമത്തെ കോയിലും നശിച്ചതോടെയാണ് വൈദ്യുതി ശ്മശാനം പ്രവർത്തന രഹിതമായത്.

അതേസമയം പരമാവധി വേഗത്തിൽ വൈദ്യുതി ശ്മശാനം പ്രവർത്തനക്ഷമമാക്കാനാണ് കോർപ്പറേഷൻെറ തീരുമാനം. കോയിൽ മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് കൗൺസിലറും ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷനുമായ പി. ദിവാകരൻ പറഞ്ഞു.

നവീകരണത്തെ തുടർന്ന് പരമ്പരാഗത സംസ്കാരം താൽക്കാലികമായി നിറുത്തി വെച്ചതിന് ശേഷവും ദിവസം നാല് മൃതദേഹങ്ങൾ വരെ വൈദ്യുതി ശ്മാശാനത്തിൽ സംസ്കരിച്ചിരുന്നു. ഏറ്റവുമധികം മൃതദേഹങ്ങൾ സംസ്കരിക്കുന്ന ശ്മശാനത്തിലാണ് ഇപ്പോൾ സംസ്കാരം പൂർണമായി നിലച്ചിരിക്കുന്നത്. നൂറ്റാണ്ടിലേറെ പഴക്കമുള്ള ശ്മശാനത്തിൽ സംസ്കാരം പൂർണമായി നിലച്ചത് പ്രതിഷേധങ്ങൾക്കിടയാക്കിയിട്ടുണ്ട്. വെസ്റ്റ്ഹിൽ, പുതിയപാലം, മാങ്കാവ് എന്നിവിടങ്ങളിലേക്കാണ് മൃതദേഹങ്ങൾ ഇപ്പോൾ കൊണ്ടുപോകുന്നത്. കൂടുതൽ മൃതദേഹങ്ങൾ സംസ്കാരത്തിനായി എത്തുന്നത് ഇവിടെയും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

@ നവീകരണപ്രവൃത്തി ഉടൻ പൂർത്തിയാക്കാൻ നിർദ്ദേശം

മൂന്നു ഘട്ടമായി നടപ്പാക്കുന്ന മാവൂർ റോഡ് ശ്മശാനത്തിൻെറ നവീകരണ പ്രവൃത്തിയുടെ ആദ്യ ഘട്ടം പൂർത്തിയാക്കി എത്രയും പെട്ടെന്ന് പ്രവർത്തനം ആരംഭിക്കാനാണ് കോർപ്പറേഷന്റെ തീരുമാനം. ഇക്കാര്യത്തിൽ കരാറുകാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 90 ലക്ഷം ചെലവിലാണ് ആദ്യ ഘട്ടം നവീകരണം നടക്കുന്നത്. ഇതിന്റെ ഭാഗമായി കെട്ടിടം ഒരുക്കി. രണ്ടാം ഘട്ടത്തിലാണ് ഗ്യാസ് ശ്മശാനത്തിന്റെ പ്രവൃത്തി ആരംഭിക്കുന്നത്.