news
കുറ്റ്യാടി തെരുവത്ത് ഭാഗത്ത് ഫുട്ട്പാപാത്ത് തുറന്ന് കിടക്കുന്ന നിലയിൽ

കുറ്റ്യാടി: കുറ്റ്യാടി ആശുപത്രി പരിസരത്തെ തെരുവത്ത് റോഡിലെ ഓവ് ചാലുകൾ തുറന്ന് കിടക്കുന്നത് കാൽനടയാത്രകാർക്ക് തലവേദനയാകുന്നു. മാസങ്ങൾക്ക് മുമ്പ് റോഡ് നിർമാണം പൂർത്തിയാക്കിയെങ്കിലും ഓവ് ചാലിന് മുകൾവശത്ത് സിമന്റ് പാളികൾ ഇതുവരെ പാകിയില്ല. പൊട്ടിപൊളിഞ്ഞ പഴയ സിമന്റ് പാളികൾ ഓവ് ചാലിന് സമീപത്ത് കിടക്കുന്നതും കാണാം. ഗവ: ആശുപത്രി, മറ്റ് മെഡിക്കൾ ഷോപ്പുകൾ, ലാബുകൾ,വാണിജ്യകേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നിരവധി പേർ ഇതുവഴി കടന്ന് പോകുന്നുണ്ട്. രണ്ട് വാഹനങ്ങൾ ഇരു ദിശകളിൽ നിന്നും എത്തിയാൽ കാൽനട യത്രക്കാർ മറുവശത്ത് എത്താൻ പ്രയാസപെടുകയാണ്. കുറ്റ്യാടി നാദാപുരം സംസ്ഥാന പാതയിലെ തെരുവത്ത് ഭാഗത്ത് കൂടി കുറ്റ്യാടി അങ്ങാടി എത്താതെ തൊട്ടിൽ പാലത്തേക്ക് സഞ്ചരിക്കാനുള്ള ഒരു വഴി കൂടിയാണിത്. ചതിക്കുഴികളിൽ വീണ് അപകടം സംഭവിച്ചാൽ മാത്രമാണ് അധികൃതർ സ്ലാബുകൾ ഇടുന്നതിനെ കുറിച്ച് ചിന്തിക്കാറുള്ളൂ എന്നതാണ് യാഥാർത്ഥ്യം.മഴക്കാലത്തിന് മുമ്പ് ഓവുചാലുകളുടെ സ്ലാബിടൽ പണി പൂർത്തിയാകണമെന്ന ആവശ്യം ശക്തമാണ്. മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി ഓവുചാലിൽ നിന്ന് മണ്ണ് മാ​റ്റാറുണ്ടെങ്കിലും തുറന്ന് കിടക്കുന്ന ഓടകൾക്ക് സ്ലാബിടാറില്ല. മഴക്കാലമായാൽ ഓവുചാലുകളിൽ നല്ല കുത്തൊഴുക്കുമായിരിക്കും. അതിനു പുറമെ ദുർഗന്ധം വമിക്കുന്ന മലിന ജലവും. കാലവർഷം തുടങ്ങിയാൽ ഓടയും റോഡും തിരിച്ചറിയാത്ത സ്ഥിതിയാണ്. ഓടയിൽ വീണ് നടുവൊടിയേണ്ടെന്ന് കരുതി പലരും റോഡിലേക്ക് ഇറങ്ങിനടക്കുന്നതും അപകടത്തിന് കാരണമാവും.