കൽപ്പറ്റ: നിലമ്പൂരിലെ ഷാബ ഷെരീഫിന്റെ കൊലപാതക കേസിലെ മുഖ്യപ്രതി ഷൈബിനുമായോ കൂട്ടുപ്രതികളുമായോ സി.പി.എമ്മിന് യാതൊരു ബന്ധവുമില്ലെന്ന് ജില്ലാ സെക്രട്ടറി പി.ഗഗാറിൻ പ്രസ്താവനയിൽ പറഞ്ഞു.
ഷൈബിന്റെ വീട്ടിൽ മോഷണം നടത്തിയതിന്റെ പേരിൽ ബത്തേരിയിൽ നിലമ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചപ്പോൾ തന്നെ ഷൈബിന് വേണ്ടി സി.പി.എമ്മിനെതിരെ ആരോപണം ഉന്നയിച്ച് ലീഗ് പ്രകടനം നടത്തിയിരുന്നു. എന്നാൽ ഷൈബിൻ കൊടുംകുറ്റവാളിയെന്ന് തെളിഞ്ഞതോടെ ലീഗിന്റെ മട്ട്മാറി. കാരണം ലീഗ് നേതാവ് ഷൈബിന്റെ ബിസിനസ്സ് പങ്കാളിയാണെന്നും ലീഗ് പല വേദികളിൽ അനുമോദിച്ച ആളാണ് ഷെബിനെന്നും പുറംലോകം അറിഞ്ഞു.

ഷൈബിനുമായി ലീഗിനുള്ള ബന്ധം പുറത്ത് വന്നിട്ടും ബി.ജെ.പി സി.പി.എമ്മിനെ കുറ്റപ്പെടുത്താനാണ് ശ്രമിച്ചത്. ബത്തേരി എം.എൽ.എ ഐ.സി.ബാലകൃഷ്ണൻ ഷൈബിനെ അനുമോദിക്കുന്ന ചിത്രം പുറത്തുവന്നു.

ഇത്തരത്തിൽ കരീം വധക്കേസിൽ പ്രതിയായ ബത്തേരിയിലെ സി.പി.എം പ്രവർത്തകനെ അക്കാലത്ത് സംരക്ഷിച്ചു എന്നും പ്രചരിപ്പിക്കുന്നുണ്ട്. കരീം വധക്കേസിലെ പ്രതി ഇന്ന് വൈത്തിരിയിലെ പഞ്ചായത്ത് മെമ്പറും കോൺഗ്രസ്സ്, ഐ.എൻ.ടി.യു.സി നേതാവുമാണ്.
ഷൈബിനെ പോലെയുള്ള കുറ്റവാളികളിൽ നിന്ന് പണം കൈപ്പറ്റി ദീനാനുകമ്പാ പ്രവർത്തനങ്ങൾ നടത്തുന്ന രാഷ്ട്രീയ തട്ടിപ്പാണ് ലീഗുൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ പലപ്പോഴും നടത്താറുള്ളത്.

ബത്തേരിയിലെ യു.ഡി.എഫ്-ബി.ജെ.പി ബന്ധം നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രകടമായി പുറത്തു വന്നതാണ്. ഇരുകൂട്ടരും പരസ്പരം സഹായിക്കുന്ന സമീപനം ഇക്കാര്യത്തിലും സ്വീകരിക്കുകയാണ്. ഏതെങ്കിലും തരത്തിൽ കുറ്റകൃത്യങ്ങളിൽ ബന്ധമുണ്ട് എന്ന് ബോധ്യപ്പെട്ടാൽ അത്തരക്കാർക്ക് ശിക്ഷ ലഭിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾക്ക് സി.പി.എം നേതൃത്വം നൽകുമെന്നും പ്രസ്താവനയിൽ പറഞ്ഞു.