മേപ്പാടി: മേപ്പാടി ടൗണിലും പരിസരപ്രദേശങ്ങളിലും കഞ്ചാവ് വിൽപന വ്യാപകം. ഇതര സംസ്ഥാന തൊഴിലാളികളെയും മറ്റും ലക്ഷ്യമാക്കിയാണ് കഞ്ചാവ് വിൽപന തകൃതിയായി നടക്കുന്നത്. പൂത്തകൊല്ലി റോഡ്, ചന്തക്കുന്ന് റോഡ്, കെ.ബി റോഡ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് കഞ്ചാവ് വിൽപന. ചെറിയ പൊതികളാക്കി 200 രൂപ നിരക്കിലാണ് വിൽപ്പന.
ആവശ്യക്കാർ ഫോണിൽ വിളിക്കുമ്പോൾ അവർ ഉള്ള സ്ഥലത്തേക്ക് വിൽപ്പനക്കാർ എത്തുകയാണ് ചെയ്യുന്നത്. മേപ്പാടി ടൗണിൽ യുവാക്കൾ ഉൾപ്പെടെ
പത്തോളം കഞ്ചാവ് വിൽപനക്കാർ ഉണ്ടെന്നാണ് വിവരം.
ഇതിൽ ചിലരെ നേരത്തെ പൊലീസ് പിടികൂടിയിട്ടുണ്ട്. വലിയ കെട്ടിട നിർമ്മാണ സൈറ്റുകൾ കേന്ദ്രീകരിച്ച് ഇതര സംസ്ഥാന തൊഴിലാളികൾക്കും ഇവർ കഞ്ചാവ് എത്തിച്ചു കൊടുക്കുന്നുണ്ട്.
മേപ്പാടി പഞ്ചായത്ത് ലഹരിക്കെതിരെ പഞ്ചായത്തിൽ വ്യാപകമായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇതിനുശേഷം ഗ്രാമപ്രദേശങ്ങളിൽ ലഹരി വിൽപന അൽപം കുറഞ്ഞിട്ടുണ്ട്. ജാഗ്രതാസമിതികൾ ശക്തമായതോടെയാണ് ഗ്രാമപ്രദേശങ്ങളിൽ ലഹരി സംഘത്തിന്റെ പ്രവർത്തനം കുറഞ്ഞത്. എന്നാൽ ടൗൺ കേന്ദ്രീകരിച്ച് കഞ്ചാവ് ഉൾപെടെയുള്ളവയുടെ വിൽപ്പന വ്യാപകമാണ്.