പയ്യോളി: ദേശീയപാതയിൽ തെനങ്കാലിൽ പെട്രോൾ പമ്പിന് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. അദ്ധ്യാപകനായ അയനിക്കാട് കുണ്ടാടേരി ഷജിലിനും മകൾക്കുമാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 9.45 ഓടെയാണ് സംഭവം. കാറും ഓട്ടോറിക്ഷയും ലോറിയുമാണ് അപകടത്തിൽപെട്ടത്
കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ വടകര ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയിലിടിച്ച് പിന്നാലെയെത്തിയ മിനിലോറിയിലിടിച്ച് നിൽക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞ് തകർന്നു. കാറിന്റെ മുൻഭാഗവും പൂർണമായും തകർന്നു. പരിക്കേറ്റവരെ വടകര ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു.