കൊയിലാണ്ടി: തോട്ടും മുഖം ഡ്രെയിനേജ് നിർമ്മാണം ഇഴയുന്നത് യാത്രക്കാർക്കും കച്ചവടക്കാർക്കും പ്രയാസം സൃഷ്ടിക്കുന്നു. നിർമാണം പൂർത്തിയാകുന്നവരെ മൂക്ക് പൊത്തി നടക്കേണ്ട അവസ്ഥയാണ്. 80 ലക്ഷം രൂപ ചെലവഴിച്ചാണ് ഡ്രെയിനേജ് പുതുക്കി പണിയുന്നത്. ചിലയിടങ്ങളിൽ മാത്രമാണ് നിർമാണം മുന്നോട്ട് പോയത്. ഹിറാ നഗറിൽ നിന്ന് മുബാറക് റോഡ് വരെ പണി ഇതുവരെ തുടങ്ങിയിട്ടില്ല. നഗരസൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി ടൗണിലെ മുഴുവൻ മലിനജലവും ഒഴുകിയെത്തുന്നത് ഈ ഡ്രെനേജിലേക്കാണ്. മഴക്കാലമാകുന്നതോടെ 39-ാം വാർഡിന്റെ ഭൂരിഭാഗവും മലിനജലത്തിനാൽ നിറയും. കിണറിലേക്കും മലിന ജലം എത്തുമെന്നാണ് നാട്ടുകാർ പറയുന്നത്. നിരവധി സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും ശേഷമാണ് നഗരസഭ ഡ്രെയിനേജ് പുതുക്കി നിർമിക്കാൻ ഫണ്ട് വകയിരുത്തിയത്. എന്നാൽ നിർമാണത്തിലെ മെല്ലെ പോക്ക് കാരണം ഇത്തവണയും പ്രദേശവാസികൾ ദുരിതമനുഭവിക്കേണ്ടിവരും. സ്കൂൾ, പള്ളി മദ്രസ എന്നിവിടങ്ങളിൽ എത്തിച്ചേരാനും വലിയ പ്രയാസമുണ്ടാകുമെന്ന് നാട്ടുകാർ പറഞ്ഞു. കക്കൂസ് മാലിന്യം വരെ ഡ്രെയിനേജിലൂടെ ഒഴുക്കിവിടാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു. താലൂക്ക് ആശുപത്രിയിലെ മലിനജലവും ഈ ഡ്രെയിനേജിലൂടെയാണ് ഒഴുക്കിവിടാറ്. മഴക്കാലത്തിന് മുമ്പേ സ്ലാബ് ഇടാൻ കഴിയില്ലെങ്കിൽ കാൽനടയാത്രക്കാർക്കും വലിയ ഭീഷണിയായി ഡ്രെയിനേജ് മാറും.
നഗരത്തിലെ മുഴുവൻ മലിനജലവും ഉൾക്കൊള്ളാൻ ഈ ഡ്രെനേജിന് കഴിയില്ല. ബദൽ സംവിധാനം നഗരസഭ കണ്ടെത്തണം. മാത്രമല്ല ശാശ്വതമായി പരിഹാരിക്കാൻ പ്ലാന്റ് സ്ഥാപിക്കുകയും വേണം
എ.അസീസ്
കൗൺസിലർ