കൽപ്പറ്റ: മഴ ശക്തി പ്രാപിച്ചതോടെ വെണ്ണിയോട് പുഴയിൽ ഒഴുകിയെത്തിയത് ചീങ്കണ്ണി കുഞ്ഞുങ്ങളും പെരുമ്പാമ്പും. വെള്ളത്തിലൂടെ നീന്തിനടക്കുന്ന നിലയിൽ 24 ചീങ്കണ്ണി കുഞ്ഞുങ്ങളെയാണ് നാട്ടുകാർ കണ്ടെത്തിയത്. ഇവിടെ ഒറ്റയടിക്ക് ഇത്രയധികം ചീങ്കണ്ണി കുഞ്ഞുങ്ങളെ കാണുന്നത് ആദ്യമായാണെന്ന് നാട്ടുകാർ പറഞ്ഞു.
വെണ്ണിയോട് വലിയ പുഴയിൽ നേരത്തെയും പലതവണ നാട്ടുകാർ ചീങ്കണ്ണിയെ കണ്ടിട്ടുണ്ട്. പ്രദേശവാസികൾ വലവീശിയാണ് ചീങ്കണ്ണി കുഞ്ഞുങ്ങളെ പിടികൂടിയത്. ഇതിനിടയിൽ പുഴയിൽ പെരുമ്പാമ്പിനെയും കണ്ടെത്തി. 10 അടിയോളം നീളമുള്ള പെരുമ്പാമ്പിനെ സന്നദ്ധ പ്രവർത്തകനായ ബിജുവാണ് പിടികൂടിയത്. പെരുമ്പാമ്പിനെയും ചീങ്കണ്ണി കുഞ്ഞുങ്ങളെയും വനം വകുപ്പിന് കൈമാറി.
നേരത്തെ വേനൽ ശക്തമാകുന്നതോടെയാണ് പുഴയോരത്ത് ചീങ്കണ്ണിയെ കണ്ടിരുന്നത്. നാട്ടുകാർ അലക്കാനും കുളിക്കാനുമായി സ്ഥിരമായി എത്തുന്ന പുഴയാണിത്.