കൽപ്പറ്റ: ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുളളതായി മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ജില്ലയിൽ ദുരന്ത സാധ്യതാ മേഖലകളിൽ താമസിക്കുന്ന കുടുംബങ്ങളുടെ വിവരങ്ങളും അത്യാവശ്യ ഘട്ടങ്ങളിൽ ഇവരെ മാറ്റിപ്പാർപ്പിക്കുന്നതിന് ക്യാമ്പുകളായി ഉപയോഗിക്കാവുന്ന സ്ഥാപനങ്ങൾ സംബന്ധിച്ചുമുള്ള വിവരങ്ങളും തയ്യാറാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
കൂടുതൽ ദുരന്ത സാധ്യതയുള്ളതായി കണ്ടെത്തിയിട്ടുള്ള 8 പ്രദേശങ്ങളിലെ 441 കുടുംബങ്ങളെ അടിയന്തിര ഘട്ടങ്ങളിൽ മാറ്റിപ്പാർപ്പിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതായി ജില്ലാ കളക്ടർ അറിയിച്ചു. ജില്ലാതാലൂക്ക് കേന്ദ്രങ്ങളിൽ മഴക്കാല കൺട്രോൾ റൂം പ്രവർത്തന ക്ഷമമാക്കി. അപകട ഭീഷണിയിൽ സ്ഥിതി ചെയ്യുന്ന മരങ്ങളും ശിഖരങ്ങളും മുറിച്ച് മാറ്റുന്നതിന് ഉത്തരവ് നൽകിയിട്ടുള്ളതായും ദുരന്ത സാധ്യത ഒഴിവാക്കുന്നതിനായി ഓഗസ്റ്റ് 31 വരെ ജില്ലയിൽ യന്ത്രസഹായത്തോടെയുള്ള മണ്ണ് നീക്കം ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളതായും ജില്ലാ കളക്ടർ അറിയിച്ചു.
ജില്ലാ എമർജൻസി കൺട്രോൾ റൂം ഫോൺ: 04936 204151, മൊബൈൽ 8078409770.
താലൂക്ക്തല കൺട്രോൾ റൂം മാനന്തവാടി 04935241111, 04935240231.
സുൽത്താൻ ബത്തേരി 04936223355, 04936220296, വൈത്തിരി 04936255229.
ജീവനക്കാരുടെ അവധിക്ക് നിയന്ത്രണം
ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പ് വന്നതിനാൽ റവന്യൂ, തദ്ദേശസ്വയംഭരണ വകുപ്പുകളിലെ ജീവനക്കാർ അവധിയെടുക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതിനും ജില്ലയിലെ എല്ലാ റവന്യൂ, തദ്ദേശസ്വയംഭരണ വകുപ്പുകളിലെയും ജീവനക്കാരുടെ സേവനം അനിവാര്യമായതിനാൽ ജില്ലാകളക്ടറുടെ മുൻകൂർ അനുമതിയില്ലാതെ ജീവനക്കാർ അവധിയെടുക്കാൻ പാടില്ല. അടിയന്തിര സാഹചര്യങ്ങളിൽ അവധിയെടുക്കുന്നതിന് ജീവനക്കാർ കളക്ടറുടെ അനുമതി വാങ്ങണം.
മഴ മുന്നറിയിപ്പ്; ജില്ലയിൽ ജാഗ്രതാ നിർദ്ദേശം
ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ് ലഭിച്ചിട്ടുള്ള സാഹചര്യത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. മണ്ണിടിച്ചിൽ ഉൾപ്പടെയുള്ള ദുരന്ത സാധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും, ആവശ്യമായ ഘട്ടത്തിൽ മാറിതാമസിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര കഴിവതും ഒഴിവാക്കണം. കനത്ത മഴയെ തുടർന്ന് ജലാശയങ്ങളിൽ പെട്ടെന്ന് വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ പുഴയോരത്ത് താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണം.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും പുഴകളോ, തോടുകളോ മുറിച്ച് കടക്കാനോ, പുഴകളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ, മീൻ പിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. പൊതുസ്ഥലത്ത് അപകടഭീഷണിയിലുള്ള മരങ്ങളോ ശിഖരങ്ങളോ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടാൽ ഇക്കാര്യം ബന്ധപ്പെട്ട വകുപ്പിനെയോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയോ അറിയിക്കണം. റിസോർട്ട്, ഹോംസ്റ്റേ ഉടമകൾ ഇവിടങ്ങളിൽ താമസിക്കുന്ന ടൂറിസ്റ്റുകൾക്ക് ആവശ്യമായ മുന്നറിയിപ്പ് നൽകേണ്ടതും, സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടതുമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.