പുൽപ്പള്ളി: കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ കല്ലാറിനടുത്തുണ്ടായ വാഹന അപകടത്തിൽ മരിച്ച മരക്കടവ് കണികുളത്ത് ജോസ് നല്ലൊരു കലാകാരനായിരുന്നു. ഇരു കാലുകൾക്കും സ്വാധീനമില്ലാത്ത ഭിന്നശേഷിക്കാരനായ ജോസിന്റെ ഉപജീവന മാർഗ്ഗം ലോട്ടറി വിൽക്കലും തയ്യൽ തൊഴിലുമായിരുന്നു.
ഗാനമേള ട്രൂപ്പുകളിൽ സജീവസാന്നിദ്ധ്യമായിരുന്ന ജോസ് നല്ലൊരു ഗായകനും കീബോർഡ് ആർട്ടിസ്റ്റുമായിരുന്നു. ചൊവ്വാഴ്ച വൈകീട്ടാണ് കുടുംബാംഗങ്ങളോടൊപ്പം വേളാങ്കണ്ണിയിലേയ്ക്ക് തീർത്ഥയാത്രപോയത്. മടക്ക യാത്രയിൽ വ്യാഴാഴ്ച പുലർച്ചെ 5.30 ഓടെയാണ് ഊട്ടി-കൂനൂർ മലമ്പാതയിൽ വാഹനം കൊക്കയിലേയ്ക്ക് മറിഞ്ഞാണ് അപകടം. വഴിയാത്രക്കാരായ ആളുകളും മറ്റുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൃതദേഹം മേട്ടുപ്പാളയത്ത് സർക്കാർ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി.