മാനന്തവാടി: അശാസ്ത്രീയമായ റോഡുപണി നാട്ടുകാർക്ക് ദുരിതമായി. നൂറ് കോടിയിലധികം രൂപ ചെലവഴിച്ച് മാനന്തവാടി വിമലനഗർ, കുളത്താട, വാളാട്, പേരിയ റോഡിന്റെ നിർമ്മാണ പ്രവർത്തികൾ നടന്നുവരികയാണ്. കെ.എസ്.ടി.പി യുടെ മേൽനേട്ടത്തിലാണ് പണി നടക്കുന്നത്. റോഡ് പ്രവൃത്തി നടക്കുന്ന പ്രദേശത്തെ മുതിരേരിപാലം നാല് മാസം മുമ്പ് പൊളിച്ചുമാറ്റി. മഴയ്ക്ക് മുമ്പ് പാലത്തിന്റെ പണി പൂർത്തിയാക്കുമെന്ന് ഉറപ്പു നൽകിയിരുന്നെങ്കിലും പാലം നിർമ്മാണം ഇഴഞ്ഞുനീങ്ങുകയാണ്. താൽക്കാലികമായി നിർമ്മിച്ച ചപ്പാത്ത് പാലം അപകടാവസ്ഥത്തിലുമാണ്. നിറഞ്ഞൊഴുകുന്ന തോട്ടിനുമുകളിലൂടെ നിർമ്മിച്ച താൽകാലിക പാലത്തിലൂടെ നിരവധി പേരാണ് സഞ്ചരിക്കുന്നത്. ഇതുവഴി ഓടിയിരുന്ന എക ബസ്സും ഓട്ടം നിർത്തി. സുരക്ഷാ സംവിധാനമില്ലതെ റോഡ് നിർമ്മിച്ചതിനാൽ പ്രദേശത്തെ നിരവധി വീടുകൾ മണ്ണിടിച്ചിൽ ഭിഷണിയിലായി.
പോരൂർ ഗവ: എൽ.പി, സർവ്വോദയം യു.പി സ്‌കൂൾ എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ എങ്ങനെ സ്കൂളിലെത്തുമെന്ന് ആശങ്കയിലാണ് രക്ഷിതാക്കളും അദ്ധ്യാപകരും.
സുരക്ഷാ സംവിധാനത്തോടെ താൽക്കാലിക പാലം നിർമ്മിക്കുകയും പുതിയ പാലത്തിന്റെ പണി ഉടൻ പൂർത്തിയാക്കുകയും വേണമെന്ന് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷ ജോയ്സി ഷാജു, പഞ്ചായത്ത് മെമ്പർ ജോണി മറ്റത്തിലാനി, പോരൂർ ഗവ: എൽ.പി സ്‌കൂൾ പി.ടി.എ പ്രസിഡന്റ് മനോജ് കല്ലരികാട്ട് എന്നിവർ വാർത്താസമ്മേളത്തിൽ ആവശ്യപ്പെട്ടു.
റോഡിന് ആവശ്യമായ സ്ഥലങ്ങളിൽ ഡ്രെയ്നേജും സംരക്ഷണഭിത്തികളും ഇല്ല. ഒരു പ്രദേശം തന്നെ ഒറ്റപ്പെടുന്ന വിഷയത്തിൽ ദുരന്തനിവാരണ സമിതി ചെയർപേഴ്സൻ കൂടിയായ ജില്ലാ കളക്ടർ നടപടി സ്വീകരിക്കണമെന്നും അടിയന്തരമായി ബന്ധപ്പെട്ടവരുടെ യോഗം വിളിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.