സുൽത്താൻ ബത്തേരി: സ്‌ഫോടക വസ്തുക്കൾ കണ്ടെടുത്ത സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ ഇന്ന് ബത്തേരി പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കൈപ്പഞ്ചേരി തങ്ങളത്ത് വീട്ടിൽ അഷറഫ്, സഹോദരൻ നൗഷാദ് എന്നിവരെയാണ് ചോദ്യം ചെയ്യുന്നതിനും തെളിവെടുക്കുന്നതിനുമായി കസ്റ്റഡിയിൽ വാങ്ങുന്നത്. നൗഷാദും അഷറഫും ഷൈബിന്റെ കമ്പനിയിൽ നേരത്തെ ജോലിചെയ്തിരുന്നവരാണ്. സ്‌ഫോടക വസ്തു കണ്ടെടുത്ത സംഭവത്തിൽ ബത്തേരിപോലീസ് ചാർജ് ചെയ്തകേസിന് പുറമെ ഷൈബിനുമായി ബന്ധപ്പെട്ട് നിലമ്പൂർ പോലീസ് ചാർജ് ചെയ്ത മറ്റ്‌കേസുകളിലെയും പ്രതികളാണ് ഇരുവരും.
മൈസൂരിലെ ഒറ്റമൂലി വൈദ്യനായ ഷാബാഷെരിഫിന്റെ കൊലപാതക കേസിലെ മുഖ്യപ്രതിയായ ഷൈബിൻ അഷറഫിന്റെ വീട്ടിൽ നിന്ന് കവർച്ച ചെയ്ത സാധനങ്ങൾ കണ്ടെടുക്കുന്നതിന്‌വേണ്ടി നടത്തിയ തെരച്ചിലിനിടെയാണ് സ്‌ഫോടക വസ്തുക്കൾ കണ്ടത്. കൈപ്പഞ്ചേരിയിലെ അഷറഫിന്റെ വീടിന് പിന്നാമ്പുറത്ത് മണ്ണിൽ കുഴിച്ചിട്ട നിലയിലായിരുന്നു ഒമ്പത് ജലാറ്റിൻ സ്റ്റിക്കും അഞ്ചര മീറ്റർ ഫ്യുസ് വയറും.
ഷൈബിൻ അഷറഫിനെ ആക്രമിച്ച് പണവും ലാപ്‌ടോപ്പുകളും മൊബൈൽഫോണുകളും കവർച്ച നടത്തിയെന്ന് ഷൈബിൻ നിലമ്പൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ പിടിയിലായ അഷറഫിന്റെ വീട്ടിൽ തൊണ്ടിമുതൽ കണ്ടെടുക്കുന്നതിനായി നടത്തിയ തെരച്ചിലിനിടെയാണ് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്. അതിനിടെയാണ് ഷൈബിൻ തങ്ങളെ വധിക്കാൻ ശ്രമിക്കുകയാണെന്നും ഷൈബിൻ മൈസൂരിലെ വൈദ്യനെയടക്കമുള്ളവരെ കൊലപ്പെടുത്തിയതായും മൂവർ സംഘം വിളിച്ചുപറഞ്ഞ് സെക്രട്ടറിയേറ്റ് നടയിൽ ആത്മഹത്യ ഭീഷണി മുഴക്കിയത്.
ഇവരിൽ നിന്ന് കണ്ടെടുത്ത തെളിവുകളാണ് ഒറ്റമൂലി വൈദ്യന്റെത് കൊലപാതകമാണെന്നും ഷൈബിനാണ് മുഖ്യപ്രതിയെന്നും അറിയാനായത്.