നാദാപുരം: കാട്ടാനക്കൂട്ടം ജനവാസമേഖലയിലേക്കിറങ്ങി നാശം വിതയ്ക്കുന്നത് ജീവിതം ദുസ്സഹമാക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ വളയം, ചെക്യാട്, വാണിമേൽ , നരിപ്പറ്റ പഞ്ചായത്തുകളിലെ ഒരേക്കറോളം കൃഷിയാണ് കാട്ടനക്കൂട്ടം നശിപ്പിച്ചത്. ഒടുവിലായി വളയം പഞ്ചായത്തിലെ ആയോട്മലയിലാണ് ബുധനാഴ്ച രാത്രിയോടെ കാട്ടാനക്കൂട്ടമിറങ്ങിയത്. അഭയഗിരി ആയോട് മലയിൽ കാട്ടാനകൂട്ടമിറങ്ങി ഭീതി പരത്തിയതോടെ പ്രദേശത്ത് വനം വകുപ്പിന്റെ റാപ്പിഡ് ആക്ഷൻ ഫോഴ്സ് എത്തി പരിശോധനടത്തി. താമരശേരിയിൽ നിന്നും എത്തിയ പത്തംഗ സംഘവും ഫോറസ്റ്റ് ഗാർഡുമാരും വനത്തിനുള്ളിൽ പ്രവേശിച്ച് കണ്ണവം വനത്തിന്റെ സമീപ പ്രദേശത്ത് തിരച്ചിൽ നടത്തി. നാട്ടിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ ഇന്നലെ ഉച്ചയോടെ കാട്ടിലേക്ക് തുരത്തിയതായി വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കുട്ടികൾ ഉൾപ്പെടെയുള്ള ആനക്കൂട്ടം കാടിറങ്ങുന്നതോടെ ആയോട് മലയിൽ താമസിച്ചിരുന്ന കുടുംബങ്ങൾ വീട് ഒഴിഞ്ഞുപോവുയാണ് . വാണിമേൽ,​ നരിപ്പറ്റ പഞ്ചായത്തുകളിൽ ഉൾപ്പെട്ട വനത്തിൽനിന്ന് ഒരു കിലോമീറ്റർ ദൂരത്തെ സെയ്ന്റ് മേരീസ് പള്ളി പരിസരം വരെ ആനകൾ എത്തിയതായി കർഷകർ പറയുന്നു. കൃഷി ഭൂമിയിൽ ഇറങ്ങുന്ന കാട്ടാനകൾ കാർഷിക വിളകൾ നശിപ്പിക്കുന്നത് മൂലം വൻ നഷ്ടമാണ് കർഷകർക്ക് ഉണ്ടാവുന്നത്.