pig
pig

@ പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷം

കോഴിക്കോട് : നഗരമദ്ധ്യത്തിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ് ഗവ. മെഡിക്കൽ കോളേജ് പ്രവേശിപ്പിച്ച യുവാവ് ആശുപത്രി വിട്ടു. വ്യാഴാഴ്ച രാത്രിയാണ് കോട്ടൂളി സ്വദേശി ശ്രീജിത്ത് കലോളിയെ(40) കാട്ടുപന്നി ആക്രമിച്ചത്.

ജോലി കഴിഞ്ഞു വരികയാരുന്ന ശ്രീജിത്തിനെ കോട്ടൂളി സിവിൽ സ്റ്റേഷൻ റോഡിലെ മീൻപാലകുന്നിൽ വെച്ചാണ് പന്നി കുത്തിയത്. വന്യജീവി വകുപ്പ് അധികൃതർ സ്ഥലത്തെത്തി ഒരു കാട്ടുപന്നിയെ കൊന്ന് ഇൻക്വസ്റ്റ് പൂർത്തിയാക്കി സംസ്കരിച്ചു. കൂടുതൽ കാട്ടുപന്നികൾ പ്രദേശത്തുണ്ടെന്നും ഭാഗ്യം കൊണ്ടാണ് ഗുരുതര പരിക്കേൽക്കാതെ ശ്രീജിത്ത് രക്ഷപ്പെട്ടതെന്നും പ്രദേശവാസികൾ പറഞ്ഞു.

ഇക്കാര്യം ചൂണ്ടിക്കാണിച്ച് വനംവകുപ്പിന് പരാതി നൽകിയതായി പറയഞ്ചേരി കൗൺസിലർ കെ.ടി. സുഷാജ് പറഞ്ഞു. സിവിൽ സ്റ്റേഷൻ കൗൺസിലർ എം.എൻ. പ്രവീണും പരാതി നൽകി. നടപടി സ്വീകരിക്കാമെന്ന് വനം വകുപ്പ് അറിയിച്ചു. നഗര മദ്ധ്യത്തിലാണെങ്കിലും തണ്ണീർത്തടങ്ങളും മറ്റുമായി ഒഴിഞ്ഞു കിടക്കുന്ന വലിയ പ്രദേശത്താകും കാട്ടുപന്നികൾ കൂട്ടത്തോടെ ഉള്ളതെന്നാണ് നാട്ടുകാർ പറയുന്നത്. പ്രളയത്തിന് ശേഷമാണ് കാട്ടുപന്നികളെ പ്രദേശത്ത് കണ്ടു തുടങ്ങിയത്.