@ നഗരത്തിലെ റോഡുകൾ മുങ്ങി

കോഴിക്കോട് : ജില്ലയിലാകെ ഇന്നലെ മണിക്കൂറുകളോളം മഴ പെയ്തു. രാവിലെ മുതൽ തുടർച്ചയായി പെയ്ത മഴയിൽ നഗര ഗ്രാമ വ്യത്യാസമില്ലാതെ റോഡുകളിൽ വെള്ളം കയറി. ഇതോടെ രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടായി. തീരദേശങ്ങളിലും മലയോരത്തും മഴ ദുരിതം വിതച്ചു. പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണു. കോഴിക്കോട് നഗരത്തിലെ കോട്ടൂളി, പുതിയപാലം മാവൂർ റോഡ്, സിവിൽ സ്‌റ്റേഷൻ ചുള്ളിയോട് റോഡ്, സ്‌റ്റേഡിയം ജംഗ്ഷൻ, പാവമണി റോഡ്, ജാഫർ ഖാൻ കോളനി റോഡ്, ചിന്താവളപ്പ് എന്നിവടങ്ങളിൽ വെള്ളം കയറി. കണ്ണൂർ റോഡ് –ക്രിസ്ത്യൻ കോളേജ് ജംഗ്ഷനിൽ കനത്തമഴയെ തുടർന്നുണ്ടായ വെള്ളക്കട്ടിൽ മാലിന്യം അടിഞ്ഞു. പട്ടേരി ഭാഗത്ത് കടകളിൽ വെള്ളം കയറി. തണ്ണീർ പന്തൽ, പറമ്പിൽ ബസാർ, മൂഴിക്കൽ തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിലും വെള്ളംപൊങ്ങി. ചിന്താവളപ്പിലും സ്റ്റേഡിയത്തിന് സമീപത്തും ഗതാഗതകുരുക്കുണ്ടായി. കാറുകൾ റോഡിൽ കുടുങ്ങി. കെ.പി. കേശവമേനാൻ റോഡിൽ കടകളിലേക്ക് വെള്ളം കയറി. പയ്യാനക്കൽ, പുതിയപാലം, കല്ലായി, വെള്ളയിൽ , ആവിക്കൽ, കുന്നുമ്മൽതാഴം എന്നിവങ്ങളിലെ വീടുകളിലേക്ക് വെള്ളം കയറി. തീരദേശത്തെ ബി.കെ. കനാൽ, ആവിക്കൽ തോട് ശുചീകരണം നടപ്പാക്കാത്തതിൽ പ്രതിഷേധം ഉയർന്നു. ഇതിന്റെ പരിസരങ്ങളിൽ താമസക്കാർ കടുത്ത പ്രതിസന്ധിയിലാണ്. ആവിലോറ പറക്കുന്ന് ശക്തമായ മഴയിൽ പൂവത്തിങ്ങൽ അപ്പുവിന്റെ വീടിന്റെ കാർപോർച്ചും മുറ്റവും ചുറ്റുമതിലും ഇടിഞ്ഞു വീണു. പോർച്ചിൽ നിർത്തിയിട്ടിരുന്ന മിനിലോറി വീടിനോട് ചേർന്ന വയലിലേക്ക് മറിഞ്ഞു വീണു. ആളപായമില്ല. തുടർച്ചയായി മഴ പെയ്യുതതിനാൽ മലയോരം വീണ്ടും ഭീതിയിലായി. പലയിടത്തും വെള്ളം കയറി. പുഴകളിൽ ജലനിരപ്പ് ഉയർന്നു. കൂരാച്ചുണ്ട്, കോടഞ്ചേരി, തിരുവമ്പാടി ഭാഗങ്ങളിലെല്ലാം മഴ പെയ്തു. രാവിലെ തുടങ്ങിയ മഴ പല സ്ഥലത്തും രാത്രിയിലും തുടർന്നു.