സുൽത്താൻ ബത്തേരി: കന്നുകാലി കൂട്ടങ്ങൾ മേയുന്നതുപോലെയാണ് കാട്ടാനകൂട്ടങ്ങൾ കൃഷിയിടത്തിൽ കഴിയുന്നത്. ചെതലയം പ്രദേശത്താണ് കഴിഞ്ഞ ഒരു മാസമായി കാട്ടാനകൂട്ടങ്ങൾ കർഷകരുടെ കൃഷിയിടത്തിൽ താവളമടിക്കുന്നത്.
ആനയെ വനത്തിലേക്ക് ഓടിച്ച് വിട്ട് തിരികെ വീട്ടിലേക്ക് എത്തുമ്പോഴേക്കും പടിപ്പുരയിൽ കാട്ടാന സ്വീകരിക്കാനെന്നവണ്ണം എത്തികഴിഞ്ഞിട്ടുണ്ടാകും. അത്രയ്ക്കും വേഗതയിലാണ് ആന തിരികെ ജനവാസകേന്ദ്രത്തിൽ എത്തുന്നത്.
കഴിഞ്ഞദിവസം രാത്രി എട്ട് മണിയോടെ കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ കർഷകർ വനത്തിലേക്ക് ഓടിച്ചുകയറ്റി. തിരികെ എല്ലാവരും അവരവരുടെ വീടുകളിലേക്ക് എത്തിയപ്പോഴെക്കും ആനയെ കാട് കയറ്റിവിടാൻ പോയിവന്ന പടിപ്പുര രവീന്ദ്രനെ വീടിന്റെ പടിപ്പുരയിൽ കാത്തുനിന്നത് കാട് കയറ്റിവിട്ട കാട്ടുകൊമ്പൻ. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് കാട്ടാനകൾ കർഷകരുടെ കൃഷിയിടത്തിൽ ഇറങ്ങി കൃഷി തിന്നും ചവുട്ടിയും നശിപ്പിക്കുന്നത്.
ചെതയലം ,ചൂരക്കുനി, പടിപ്പുര, ഏഴിച്ചാൽകുന്ന്, പുകലമാളം, വളാഞ്ചേരികുന്ന്, കൊമ്പൻമൂല തുടങ്ങിയ സ്ഥലങ്ങളിലാണ് കാട്ടാനകൂട്ടം സ്ഥിരമായി കർഷകരുടെ കൃഷിയിടങ്ങളിൽ കഴിയുന്നത്. ഇവിടെയുള്ള കർഷകരുടെ തെങ്ങ് ,കമുക്, വാഴ, നെല്ല് എന്നിവയെല്ലാം കാട്ടാന നശിപ്പിച്ചു.
കഴിഞ്ഞ ദിവസം പടിപ്പുര രാമകൃഷ്ണൻ എന്ന കർഷകന്റെ രണ്ട് ഏക്കർ സ്ഥലത്തെ നെൽകൃഷിയാണ് കാട്ടാനകൂട്ടം ഇറങ്ങി തിന്നും ചവുട്ടിയും നശിപ്പിച്ചത്. അടുത്ത ഒരു വർഷത്തേക്ക് കുടുംബത്തിന് കഴിയാനുള്ള നെല്ലാണ് നിമിഷനേരംകൊണ്ട് കാട്ടാന ഇല്ലാതാക്കിയത്.
പടിപ്പുര രവീന്ദ്രൻ, ചന്ദ്രമതി, ശ്രീധരൻ, മനോജ്, നാരായണൻ, നമ്പിച്ചാൻകുടി ബെന്നി, വിശ്വനാഥൻ തുടങ്ങിയ നിരവധി കർഷകരുടെ കർഷിക നാണ്യവിളകളാണ് കാട്ടാനകൂട്ടം നശിപ്പിച്ചത്.