സുൽത്താൻ ബത്തേരി: സ്‌ഫോടക വസ്തു കണ്ടെടുത്ത സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ ബത്തേരി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയെങ്കിലും കനത്ത മഴ കാരണം ഇന്നലെ തെളിവെടുപ്പ് നടത്താനായില്ല. ബത്തേരി കൈപ്പഞ്ചേരി തങ്ങളത്ത് വീട്ടിൽ അഷറഫ് , സഹോദരൻ നൗഷാദ് എന്നിവരെയാണ് സ്‌ഫോടക വസ്തു കേസുമായി ബന്ധപ്പെട്ട് ബത്തേരി പൊലീസ് തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങിയത്. ഇന്ന് രാവിലെ പ്രതികളുമായി തെളിവെടുപ്പ് നടത്തും.
നിലമ്പൂരിൽ നിന്ന് ഇന്നലെ രാവിലെ ബത്തേരിയിലെത്തിച്ച പ്രതികളെ ആരോഗ്യ പരിശോധന നടത്തി​ കോടതിയിൽ ഹാജരാക്കിയശേഷമാണ് തെളിവെടുപ്പിനും കൂടുതൽ ചോദ്യം ചെയ്യുന്നതിനുമായി കസ്റ്റഡിയിലെടുത്തത്. ബത്തേരി സ്റ്റേഷനിലെത്തിച്ച പ്രതികളെ ചോദ്യം ചെയ്തു. തുടർന്ന് ഉച്ചയ്ക്ക് ശേഷം സ്‌ഫോടക വസ്തു കണ്ടെടുത്ത അഷറഫിന്റെ വീട്ടിൽ തെളിവെടുപ്പിന് കൊണ്ടുപോകാനായിരുന്നു പരി​പാടി​യെങ്കി​ലും മഴ തടസമായി.
മൈസൂരിലെ ഒറ്റമൂലി വൈദ്യനായ ഷാബാഷെരിഫിന്റെ കൊലപാതക കേസിലെ മുഖ്യ പ്രതിയായ ഷൈബിൻ അഷറഫിന്റെ കമ്പനിയിലെ മുൻ ജീവനക്കാരാണ് ഇവർ .ഷൈബിന്റെ വീട്ടിൽ നിന്ന് കവർച്ച ചെയ്ത തൊണ്ടിമുതലുകൾ കണ്ടെടുക്കുന്നതിനിടെയാണ് കുഴിച്ചിട്ട നിലയിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്.