ഒളവണ്ണ: കലുങ്ക് നിർമാണത്തിന് റോഡ് കുറുകെ മുറിച്ചതോടെ കുടിവെള്ള വിതരണം താറുമാറായി. ഒളവണ്ണ പഞ്ചായത്തിൽ പാല കുറുംബക്ഷേത്രത്തിനും കൊടിനാട്ട് മുക്കിനുമിടയിൽ പ്രധാന റോഡിൽ സഹായി സ്റ്റോപ്പിലാണ് കലുങ്ക് നിർമ്മിക്കാൻ 4 മീറ്ററോളം വീതിയിൽ റോഡ് കുറുകെ മുറിച്ചത്. പ്രവൃത്തിക്കിടെ കുടിവെള്ള പൈപ്പ് പൊട്ടി. മഴ കനത്തതോടെ കലുങ്ക് നിർമ്മാണം പ്രതിസന്ധിയിലായി. നിലവിലുള്ള ഓടകളിലുടെ ശക്തമായ നീരൊഴുക്കുള്ളതാണ് പ്രവൃത്തിക്ക് തടസമാകുന്നത്. ഇന്നലെ രാവിലെയോടെ ഒഴുക്ക് തടഞ്ഞ് മോട്ടോറുകൾ ഉപയോഗിച്ച്‌ വെള്ളം ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും സമീപ വീടുകളിൽ വെള്ളം കയറുമെന്നായതോടെ പ്രവൃത്തി നിർത്തുകയായിരുന്നു. എന്നാൽ തടസപ്പെട്ട കുടിവെള്ള വിതരണം പുനസ്ഥാപിക്കാനുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണ്. അതേസമയം, ഈ വഴിയുള്ള എച്ച്.ടി വൈദ്യുതി കേബിളടക്കമുള്ള ഉയർത്തി സ്ഥാപിച്ചില്ലെങ്കിൽ കല്ലുങ്ക് നിർമാണം ഫലം ചെയ്യില്ലെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.