കോഴിക്കോട് : കോഴി മാലിന്യ വിമുക്ത പഞ്ചായത്തായി മാറാൻ വേളം ഗ്രാമപഞ്ചായത്ത് പദ്ധതി ആരംഭിച്ചു. കോഴി മാലിന്യത്തിൽ നിന്ന് വളർത്തു മൃഗങ്ങൾക്കുള്ള ഭക്ഷ്യവസ്തുക്കൾ നിർമിക്കുന്ന താമരശ്ശേരിയിലെ ഫ്രഷ് കട്ട് എന്ന സ്ഥാപനവുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
പഞ്ചായത്ത് പരിധിയിൽ വരുന്ന മുഴുവൻ കോഴി വിൽപ്പന കേന്ദ്രങ്ങളും പദ്ധതിയുടെ ഭാഗമായി അറവു മാലിന്യം ശാസ്ത്രീയമായി സൂക്ഷിക്കും. ഇത് ഫ്രഷ് കട്ട് പ്രത്യേകം സജ്ജീകരിച്ച വാഹനത്തിൽ പൊതുജനങ്ങൾക്ക് പ്രയാസമില്ലാത്ത വിധം താമരശ്ശേരിയിലെ സംസ്‌കരണ കേന്ദ്രത്തിലെത്തിക്കും. കിലോ ഏഴു രൂപ നിരക്കിലാണ് കോഴി മാലിന്യം ശേഖരിക്കുക. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ നിർവഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ഷാനവാസ്, പഞ്ചായത്ത് അംഗം അനിഷ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കെ.വി. റഷീദ്, ഫ്രഷ് കട്ട് ജനറൽ മാനേജർ ഇ.യൂജിൻ ജോൺസൺ, റിജേഷ് തുടങ്ങിയവർ പങ്കെടുത്തു.