നാദാപുരം: ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിക്കാനിടയായ സാഹചര്യത്തിൽ താത്കാലികമായ അടച്ച കല്ലാച്ചി മത്സ്യമാർക്കറ്റിൽ നിയന്ത്രണം ലംഘിച്ച് ചിക്കൻ വിൽപ്പന നടത്തിയ കടയുടെ ലൈസൻസ് റദ്ദാക്കി കട സീൽ ചെയ്തു. പഞ്ചായത്തിന്റെ ഉത്തരവ് ലംഘിച്ച് ഇന്നലെ പുലർച്ചെ നാലുമണിയോടെയാണ് ബിസ്മില്ല ചിക്കൻ സ്റ്റാൾ തുറന്ന് പ്രവർത്തിച്ചത്. ഇരുപതോളം പേർക്ക് ഇറച്ചി വിൽപ്പന നടത്തിയെന്നാണ് വിവരം. നാട്ടുകാർ നല്കിയ വിവരത്തെ തുടർന്ന് വാർഡ് മെമ്പർ നിഷ മനോജ് കട പൂട്ടാൻ ഉടമയോട് ഫോണിൽ ആവശ്യപ്പെടുകയായിരുന്നു. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, ഹെൽത്ത് ഇൻസ്പെക്ടർ കെ.സതീഷ് ബാബു, എൻ.വി കെ.സുനിൽ, എൻ.കെ പ്രദീഷ്, എൻ.രജീഷ് എന്നിവർ അടങ്ങിയ സംഘം മാർക്കറ്റിലെത്തി കട സീൽ ചെയ്തു. രണ്ടാഴ്ച്ചത്തേക്ക് ലൈസൻസ് റദ്ദ് ചെയ്ത് ഉടമയ്ക്ക് നോട്ടീസ് അയച്ചു. വ്യാഴാഴ്ച രാത്രിയാണ് ചിയ്യൂർ സ്വദേശിനിയായ വീട്ടമ്മ കോഴിക്കോട് ആശുപത്രിയിൽ മരിച്ചത്. തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ ഇടപെട്ട് മാർക്കറ്റ് പൂട്ടിക്കുകയായിരുന്നു. അതേ സമയം കോഴികൾക്ക് വെള്ളവും , ഭക്ഷണവും നൽകാനാണ് സ്റ്റാൾ തുറന്നതെന്നും മാംസ വിൽപ്പന നടത്തിയിട്ടില്ലെന്നും കട ഉടമ പറഞ്ഞു.