സുൽത്താൻ ബത്തേരി: ഷൈബിൻ അഷറഫിന്റെ നിലമ്പൂരിലെ വീട്ടിൽ നിന്നു കൊണ്ടുവന്ന ഇലക്‌ട്രോണിക് സാധനങ്ങളോടൊപ്പമുണ്ടായിരുന്നതാണ് സ്‌ഫോടക വസ്തുക്കളെന്ന് പ്രതികൾ. സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ള പ്രതികൾ തെളിവെടുപ്പ് വേളയിലാണ് പൊലീസ് മുമ്പാകെ ഇങ്ങനെ മൊഴി നൽകിയത്. ബത്തേരി കൈപ്പഞ്ചേരി തങ്ങളത്ത് വീട്ടിൽ അഷറഫ്, സഹോദരൻ നൗഷാദ് എന്നിവരുമായാണ് സ്‌ഫോടക വസ്തു കണ്ടെടുത്ത കേസുമായി ബന്ധപ്പെട്ട് ബത്തേരി പൊലീസ് തെളിവെടുപ്പ് നടത്തിയത്.
നിലമ്പൂരിൽ നിന്ന് വെള്ളിയാഴ്ച തെളിവെടുപ്പിനായി ബത്തേരിയിലെത്തിച്ച പ്രതികളെ അന്ന് മഴകാരണം തെളിവെടുപ്പ് നടത്താനായില്ല. ഇന്നലെ കാലത്ത് പത്ത് മണിയോടെയാണ് സ്‌ഫോടക വസ്തു കണ്ടെടുത്ത അഷറഫിന്റെ വീട്ടിൽ തെളിവെടുപ്പിനായി രണ്ടുപേരെയും എത്തിച്ചത്.

സ്‌ഫോടക വസ്തു കുഴിച്ചിട്ടത് എവിടെയാണെന്നും ഏങ്ങിനെയാണെന്നും കാണിച്ചുകൊടുത്തു. ഷൈബിന്റെ വീട്ടിൽ നിന്നു കൊണ്ടുവന്ന സാധനങ്ങളോടൊപ്പമുണ്ടായിരുന്നതാണ് അവയെന്നും പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞിരുന്നതിനാൽ എന്താണെന്ന് അറിയില്ലായിരുന്നുവെന്നും അവിടെനിന്ന് കൊണ്ടുവന്ന സാധനങ്ങൾ എല്ലാം കുഴിച്ചിടുകയായിരുന്നുവെന്നും പ്രതികൾ പറഞ്ഞു.
രണ്ട് ദിവസത്തെ കസ്റ്റഡി കാലാവധിയിലാണ് സ്‌ഫോടക വസ്തു കണ്ടെടുത്ത കേസിലെ പ്രതികളായ ഇരുവരെയും ബത്തേരി പൊലീസ് തെളിവെടുപ്പിനും ചോദ്യം ചെയ്യുന്നതിനുമായി കസ്റ്റഡിയിൽ വാങ്ങിയത്. ഷൈബിൻ അഷറഫിന്റെ കമ്പനിയിലെ മുൻ ജീവനക്കാരായ നൗഷാദിന് നൽകാനുണ്ടന്ന് പറയുന്ന പണത്തിന്റെ പേരിലാണ് അവിടെനിന്ന് മൊബൈൽ ഫോണുകളും ലാപ്പ്‌ടോപ്പുകളുമുൾപ്പെടെ എടുത്തുകൊണ്ടുവന്നതെന്നാണ് പ്രതികൾ നേരത്തെ നിലമ്പൂർ പൊലീസിനോട് പറഞ്ഞത്.
മൈസൂരിലെ ഒറ്റമൂലി വൈദ്യനായ ഷാബാ ഷെരിഫിനെ വധിച്ച കേസിലെ മുഖ്യപ്രതിയായ ഷൈബിൻ അഷറഫിനോടൊപ്പം കേസിലെ പ്രതിയാണ് നൗഷാദും.

ഷൈബിന്റെ വീട്ടീൽ നിന്ന് നൗഷാദ് എടുത്തുകൊണ്ടുവന്ന സാധനങ്ങൾ സഹോദരൻ പറഞ്ഞതുപ്രകാരം വീടിന്റെ പിന്നാമ്പുറത്ത് കുഴിച്ചിടുകയായിരുന്നുവെന്ന് അഷറഫ് പറഞ്ഞു.

ബത്തേരി പോലീസ് സബ്ബ് ഇൻസ്‌പെക്ടർ റോയിച്ചന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവന്നത്.