കോഴിക്കോട്: മലാശയ കാൻസർ ബാധിച്ച ടൈപ്പ് ടു പ്രമേഹ രോഗിയായ 33കാരന് കോഴിക്കോട് ബി.എം.എച്ചിലെ അമേരിക്കൻ ഓങ്കോളജി ഇൻസ്റ്റിറ്റ്യൂട്ടിലൂടെ പുതുജീവൻ. അമേരിക്കൻ ഓങ്കോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ മെഡിക്കൽ ഓങ്കോളജി, റേഡിയേഷൻ ഓങ്കോളജി, ബി.എം.എച്ചിലെ സർജിക്കൽ ഓങ്കോളജി എന്നീ വിഭാഗങ്ങളിലെ സീനിയർ ഓങ്കോളജിസ്റ്റുകൾ അടങ്ങുന്ന സംഘത്തിന്റെ നിർദ്ദേശങ്ങൾ പാലിച്ച് എ.ഒ.ഐ റേഡിയേഷൻ ഓങ്കോളജി വിഭാഗത്തിലെ ഡോ.പി.ആർ.ശശീന്ദ്രൻ, ഡോ.ധന്യ കെ.എസ് എന്നിവരടങ്ങുന്ന സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്.
മലാശയത്തിലെ ട്യൂമർ വളർച്ചയുടെ തീവ്രത മൂലം ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന യുവാവിന് റേഡിയേഷനും കീമോതെറാപ്പിയും പിന്നീട് സ്ഫിൻക്റ്റർ പ്രിസർവേഷൻ സർജറി നിർദ്ദേശിക്കുകയായിരുന്നു. ട്യൂമർ ശരീരത്തിന്റെ നിർണായക സ്ഥാനത്തായതിനാൽ കുടലിന്റെയും ഏനൽ സ്ഫിൻക്റ്ററിന്റെയും പ്രവർത്തനങ്ങൾ സംരക്ഷിക്കുക വെല്ലുവിളിയായിരുന്നു.
മലാശയത്തിന്റെ സങ്കീർണ്ണമായ സ്ഥാനവും ഇടുങ്ങിയ അരക്കെട്ടും പുരുഷൻമാരായ രോഗികളിൽ വളരെയധികം വെല്ലുവിളിയാണ് ഉയർത്തുക. ഈ ശരീരഭാഗത്ത് പ്രധാനപ്പെട്ട ഞരമ്പുകൾ ഉള്ളതിനാൽ ചെറിയ പരിക്കുപോലും ജീവിതത്തെ സാരമായി ബാധിച്ചേക്കാം.