കോഴിക്കോട് : കേരളത്തിലെ പൊലീസ് മികച്ചതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കോഴിക്കോട് വെള്ളിമാടുകുന്ന് ജെ.ഡി.ടി ഹാളിൽ നടന്ന കേരള പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.പി പൊലീസിനേക്കാൾ മികച്ചതാണ് കേരളത്തിലെ പൊലീസ്. പൊതുജനങ്ങൾക്ക് കൂടുതൽ പരിഗണനയാണ് പൊലീസ് നൽകുന്നത്. സേവന മനോഭാവമാണ് കേരള പൊലീസിന്റെത്. കൊവിഡ് വ്യാപനം രൂക്ഷമായപ്പോൾ മികച്ച രീതിയിൽ പ്രവർത്തിച്ചു. ജനമൈത്രി പൊലീസ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് എന്നിവ മികച്ച മാതൃകകളാണ്. മറ്റെല്ലാ മേഖലയിലും ഇന്ത്യ മുന്നേറിയെങ്കിലും ക്രിമിനൽ ജുഡീഷ്യൽ സമ്പ്രദായത്തിൽ കൂടുതൽ പരിഷ്കരണം വേണ്ടതുണ്ട്. ക്രിമിനൽ ജുഡീഷ്യൽ വ്യവസ്ഥ അടിയന്തരമായി പരിഷ്‌ക്കരിക്കണമെന്നും പൊലീസ് സംവിധാനം നവീകരിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എം.കെ.രാഘവൻ എം.പി അദ്ധ്യക്ഷത വഹിച്ചു. മുൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്റ, കേരള പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.കെ. ലംബോധരൻ നായർ, സെക്രട്ടറി കെ. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.