കൽപ്പറ്റ: സർക്കാർ ഓഫീസുകളിലെ ഇലക്‌ട്രോണിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി എന്നിവയുടെ നേതൃത്വത്തിൽ തുടങ്ങിയ ഇവേസ്റ്റ് ഡ്രൈവ് ക്യാമ്പിയിന് ജില്ലയിൽ മികച്ച പ്രതികരണം. ജില്ലയിലെ 33 സർക്കാർ ഓഫീസുകളിൽ നിന്നായി 6890.35 കിലോ ഇലക്‌ട്രോണിക് മാലിന്യങ്ങളും 99.5 കിലോ അപകട സാധ്യതയുള്ള മാലിന്യങ്ങളും ക്യാമ്പയിനിലൂടെ ശേഖരിച്ചു.
ഏപ്രിൽ മുതലാണ് ജില്ലയിൽ ക്യാമ്പയിൻ തുടങ്ങിയത്. ക്ലീൻ കേരള കമ്പനിയാണ് ഇലക്‌ട്രോണിക് മാലിന്യങ്ങളും അപകട സാധ്യതയുള്ള മാലിന്യങ്ങളും ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നത്.
പലയിടങ്ങളിലും വർഷങ്ങളായി കെട്ടിക്കിടന്ന ഇലക്‌ട്രോണിക് മാലിന്യങ്ങളാണ് നീക്കം ചെയ്തത്. ഇതുവഴി ഓഫീസുകൾ കൂടുതൽ വൃത്തിയുള്ളതാക്കാനും സ്ഥലലഭ്യത ഉറപ്പു വരുത്താനും സാധിച്ചു.
ഏറ്റവും കൂടുതൽ ഇലക്‌ട്രോണിക് മാലിന്യങ്ങൾ ലഭിച്ചത് കൽപ്പറ്റ ഗവ.കോളേജിൽ നിന്നാണ്. 1963.8 കിലോ മാലിന്യമാണ് ഇവിടെ നിന്നു മാത്രം ലഭിച്ചത്.
ജില്ലയിലെ അജൈവ മാലിന്യ ശേഖരണത്തിലെ സുപ്രധാന ചുവടുവെപ്പാണിത്.
ജില്ലാ കളക്ടർ എ.ഗീത, ജില്ലാ പൊലീസ് മേധാവി അരവിന്ദ് സുകുമാർ എന്നിവർ സംയുക്തമായാണ് ഇ.വേസ്റ്റ് കാമ്പയിൻ ഉദ്ഘാടനം ചെയ്തത്.