കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിലെ പശുക്കടവ് പാമ്പൻകോട് ഭാഗത്തെ ഒറ്റയാനയുടെ സാന്നിദ്ധ്യം തുടരുന്നത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്നു. എട്ടു ദിവസമായി കാട്ടാന ജനവാസ കേന്ദ്രത്തിൽ വിളയാടൻ തുടങ്ങിയിട്ട്. രാത്രി പത്ത് മണിയോടെ ജനവാസ കേന്ദ്രത്തിലെത്തുന്ന കാട്ടാന സമീപത്തെ ഏക്കർ കണക്കിന് കൃഷിയാണ് നശിപ്പിക്കുന്നത്. പ്രദേശവാസികൾ പടക്കവും മറ്റും പൊട്ടിച്ച് ആനയെ തുരത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും വീണ്ടും ആന തിരിച്ചു വരികയാണ്. പകൽ സമയം പരിസരത്തെ കാടിനുള്ളിൽ കഴിയുന്ന രാത്രിയോടെ നാട്ടിലിറങ്ങുകയാണ്. പ്രദേശത്തെ പന്ത്രണ്ടോളം വീട്ടുകാരാണ് രാത്രി പകലെന്നിലാതെ കാട്ടാനയെ പേടിച്ചിരിക്കുന്നത്. പാമ്പൻകോട് ഭാഗത്ത് വനം വകുപ്പിന്റെ കീഴിൽ ഒരു വാച്ചർ മാത്രമാണ് ഉള്ളത്. ഇത്തരം അപകട സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ വനം വകുപ്പ് കൂടുതൽ ജീവനക്കാരെ നിയമിക്കേണ്ടത് ആത്യാവശ്യമാണെന്നാണ് നാട്ടുകാർ പറയുന്നത്. പാമ്പൻകോട് ഭാഗത്തെ കാട്ടാന ശല്യം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത് ഡി.എഫ്.ഒ.യോട് ആവശ്യപെട്ടു.