കൽപ്പറ്റ: കാപ്പി വില സർവകാല റെക്കോർഡിലേക്ക് ഉയരുന്നു.
ഈ വർഷം സീസൺ ആദ്യം മുതൽ തന്നെ മികച്ച വിലയാണ് ഉണ്ട കാപ്പിക്ക് ലഭിച്ചത്. ചാക്കിന് 5,300 രൂപയാണ് ഇപ്പോഴത്തെ വില. വരുംദിവസങ്ങളിൽ ഇനിയും വില ഉയർന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇറക്കുമതി കുറഞ്ഞതാണ് വില ഉയരാൻ കാരണം. ഉണക്കിയെടുത്ത കാപ്പിക്കുരു ഇതിനകം തന്നെ വിൽപന നടത്തി കഴിഞ്ഞതിനാൽ വിലവർധനവിന്റെ ഗുണം ചെറുകിട കാപ്പി കർഷകർക്ക് കാര്യമായി ലഭിക്കില്ലെന്ന് കർഷകർ പറയുന്നു.
കഴിഞ്ഞ എട്ടു വർഷത്തിനിടയിൽ ഇത്രയും ഉയർന്ന വില ലഭിച്ചിട്ടില്ല. കഴിഞ്ഞ വർഷം 4,300 രൂപയായിരുന്നു ഏറ്റവും ഉയർന്ന വില.
ഈ വർഷം വർഷം സീസണിന്റെ ആരംഭത്തിൽതന്നെ 4,300 രൂപ ലഭിച്ചിരുന്നു. വില ഇനിയും ഉയരുമെന്നാണ് കച്ചവടക്കാർ പറയുന്നത്.
കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ജില്ലയിൽ കാപ്പി ഉത്പാദനത്തിൽ ഏതാനും വർഷങ്ങളായി ഗണ്യമായ കുറവാണ് ഉണ്ടാകുന്നത്. ഇതിനിടയിലുള്ള വിലവർദ്ധനവ് കർഷകർക്ക് ആശ്വാസമാകേണ്ടതാണ്. എന്നാൽ വിളവെടുപ്പു പൂർത്തിയായി ചെറുകിട കർഷകരിൽ ഭൂരിഭാഗം പേരും കാപ്പി വിറ്റു കഴിഞ്ഞു.