സുൽത്താൻ ബത്തേരി : പൊതുനിരത്തിൽ മൂത്രമൊഴിച്ച യുവാവിനെ കാട്ടുപന്നികൾ കൂട്ടമായെത്തി ഓടിച്ചു. പൊതു സ്ഥലത്ത് തുപ്പുകയോ മല-മൂത്ര വിസർജനം നടത്തുകയോ ചെയ്യുന്നവർക്കെതിരെ സംസ്ഥാനത്ത് ആദ്യമായി പിഴ ചുമത്തിയ സുൽത്താൻ ബത്തേരി നഗരസഭയിലാണ് സംഭവം. ഇന്നലെ കാലത്ത് 11 മണിയോടെ ചുങ്കം കന്യക ഷോപ്പി​ന് സമീപമുള്ള റോഡിലാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്.
പൊതുനിരത്തിൽ തുപ്പുകയോ,മലമൂത്ര വിസർജനം നടത്തുകയോ കടലാസ് കഷണങ്ങൾ അലക്ഷ്യമായി വലിച്ചെറിയുകയോ ചെയ്യുന്നവർക്കതിരെ നടപടി സ്വീകരിക്കുമെന്ന നോട്ടീസ് പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. ഈ നോട്ടീസ് അവഗണിച്ച് ആരും റോഡിൽ മിഠായി കടലാസ്‌പോലും ഇടാറി​ല്ല. അതിനിടെയാണ് ഇന്നലെ പൊതുനിരത്തിൽ യുവാവ് മൂത്രമൊഴിക്കാൻ തുനിഞ്ഞത്.

സാധാരണ ഇത്തരം പ്രവർത്തികൾക്ക് ആരെങ്കിലും തുനിഞ്ഞാൽ ജനങ്ങൾ തന്നെ പറഞ്ഞ് മനസിലാക്കി പിൻതിരിപ്പിക്കാറാണ് പതിവ്. റോഡരുകിലേക്ക് മാറി നിന്ന് മൂത്രമൊഴിക്കാനുള്ള തയ്യാറെടുപ്പ് നടത്തിയപ്പോഴെക്കും കൂട്ടമായി എത്തിയ പന്നികൾ ഓടിച്ചു.
മൂത്രമൊഴിക്കാൻ നിന്ന യുവാവ് ഓടുന്നത് കണ്ടപ്പോൾ സമീപത്തുണ്ടായിരുന്ന ആളുകൾ വിചാരിച്ചത്‌ പൊലീസോ മറ്റോ ഓടിച്ചതായിരിക്കുമെന്നാണ്. പിറകെ പന്നികൂട്ടമുള്ള കാര്യം പി​ന്നീടാണ് ആളുകൾക്ക്‌ ബോധ്യമായത്. ജനങ്ങൾ ഒച്ചവെച്ചതോടെ പന്നി പിൻതിരിഞ്ഞു.


ഫോണി​ൽ സ്ത്രീകളെ ശല്യം ചെയ്ത യുവാവ് അറസ്റ്റി​ൽ
സുൽത്താൻ ബത്തേരി: മോഷ്ടിച്ചെടുക്കുന്ന മൊബൈൽഫോണിലൂടെ സ്ത്രീകളെ വിളിച്ച് അശ്ലീലങ്ങൾ പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി പാതിരപൂരം മുളക്കൽ വീട്ടിൽ നവാസ് (33) ആണ്‌ പൊലീസിന്റെ പിടിയിലായത്.
ഫോൺ മോഷ്ടിക്കുകയും അതുപയോഗിച്ച് സ്ത്രീകളെ വിളിച്ച് അശ്ലീലം പറയുകയുമാണ് ഇയാളുടെ പതി​വ്. പൊലീസാണെന്ന് പറഞ്ഞ് ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്യും. സുൽത്താൻ ബത്തേരിയിൽ മുഹമ്മദ് അസ്ലം എന്നയാളെ പൊലീസാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇദ്ദേഹം ബത്തേരി പൊലീസിൽ നൽകിയ പരാതിയെ തുടർന്ന്‌ സ്റ്റേഷനിൽ നിന്ന് വനിത പൊലീസ് നവാസിനെ ഫോണിൽ ബന്ധപ്പെട്ടപ്പോഴും സ്ത്രീയാണെന്ന് അറിഞ്ഞ് അസഭ്യം പറയുകയായിരുന്നു.
നിരവധി മോഷണകേസിലും സ്ത്രീകളെ വിളിച്ച് അശ്ലീലം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കുറ്റത്തിനും നവാസിന്റെ പേരിൽ കേസുണ്ട്. ബത്തേരിക്ക് പുറമെ, വിയ്യൂർ, ചിങ്ങവനം,കോട്ടയം ,പാല സ്റ്റേഷനുകളിൽ നവാസിന്റെ പേരിൽ കേസുണ്ട്.