സുൽത്താൻ ബത്തേരി: കഴിഞ്ഞ ഒരു മാസമായി ബത്തേരി പട്ടണത്തോട് ചേർന്ന പ്രദേശങ്ങളിൽ കടുവ ശല്യം രൂക്ഷമായി തുടർന്നിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത വനം വകുപ്പിനെതിരെ ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങാൻ സുൽത്താൻ ബത്തേരി നഗരസഭയുടെ നേതൃത്വത്തിൽ ചേർന്ന വിവിധ കക്ഷി നേതാക്കളുടെ യോഗം തീരുമാനിച്ചു.
ബത്തേരി പട്ടണത്തോട് ചേർന്ന കട്ടയാട്, മാനിക്കുനി, ചീനപ്പുല്ല്, ബീനാച്ചി, മന്ദംകൊല്ലി, പൂതിക്കാട് തുടങ്ങിയ സ്ഥലങ്ങളിലാണ് കഴിഞ്ഞ ഒരു മാസമായി തുടർച്ചയായി കടുവയുടെ സാന്നിദ്ധ്യം കണ്ടുവരുന്നത്. ബത്തേരി പട്ടണത്തിൽ നിന്ന് നൂറ് മീറ്റർപോലും മാറിയല്ല കടുവയുടെ സാന്നിദ്ധ്യമുള്ള സ്ഥലങ്ങളെല്ലാം. ഇവിടെ രാത്രിയോ പകലോ വ്യത്യാസമില്ലാതെയാണ് കടുവ ജനവാസകേന്ദ്രത്തിലിറങ്ങുന്നത്. ഇതിനകം കടുവയുടെ മുന്നിലകപ്പെട്ട നിരവധിപേർ ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്.
പ്രദേശത്ത് കടുവയുടെ സാന്നിദ്ധ്യമുണ്ടെന്ന് പറയുന്ന വനം വകുപ്പ് ബീനാച്ചി എസ്റ്റേറ്റിൽ മൂന്ന് കടുവകളുള്ളതായി സ്ഥിരികരിക്കുകയും ചെയ്യുന്നു. കടുവ പ്രദേശത്ത് വസിക്കുന്നതായി വ്യക്തമായിട്ടും അതിനെ കൂട് വെച്ച് പിടികൂടുന്നതിനോ ജനങ്ങളുടെ ഭീതിയകറ്റുന്നതിനോ യാതൊന്നും ചെയ്തിട്ടില്ല. ജനങ്ങളോട് ജാഗ്രതയോടെ ഇരിക്കാൻ പറയുന്ന വനം വകുപ്പ് നിരീക്ഷണത്തിനായി ക്യാമറ സ്ഥാപിച്ചതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല.
ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവയെ കൂട് വെച്ച് പിടികൂടാൻ അമാന്തം കാണിക്കുന്ന വനം വകുപ്പിന്റെ നടപടിയിൽ യോഗം പ്രതിഷേധിച്ചു.
എത്രയും പെട്ടന്ന് കടുവയെ കൂട് വെച്ച് പിടികൂടി ജനവാസകേന്ദ്രത്തിൽ നിന്ന് മാറ്റിയില്ലങ്കിൽ വനംവകുപ്പിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുവാൻ യോഗം തീരുമാനിച്ചു.
നഗരസഭ ചെയർമാൻ ടി.കെ.രമേശ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യുട്ടി ചെയർപേഴ്സൺ എൽസി പൗലോസ് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാന്മാരായ കെ.റഷീദ്, പി.എസ്. ലിഷ,ടോംജോസ്, വിവിധ കക്ഷികളെ പ്രതിനിധീകരിച്ച് കെ.ജെ.ദേവസ്യ, സതീഷ്പൂതിക്കാട്, പി.പി.അയ്യൂബ്, കെ.സി.യോഹന്നാൻ, രാജേഷ്, പാസ്റ്റർ ചെറിയാൻ,സോമനാഥൻ, പി.വൈ.മത്തായി, സി.അബ്ദുൾഖാദർ, ബില്ലിഗ്രഹാം എന്നിവർ സംസാരിച്ചു.