കോഴിക്കോട്: മെഡിക്കൽ കോളേജിലെ വൈറോളജി ലാബിൽ ഉപകരണങ്ങൾ വാങ്ങിയതിലെ ക്രമക്കേട് വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് നൽകിയ റിപ്പോർട്ട് സർക്കാർ പൂഴ്ത്തിയതായി ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ. വേണു. ആരോഗ്യവകുപ്പിൽ നടന്ന കോടികളുടെ അഴിമതി കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും വേണു വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പകർച്ച വ്യാധികളുടെ മറവിൽ ആശുപത്രികളിൽ കോടികളുടെ ഉപകരണങ്ങൾ വാങ്ങി കമ്മീഷൻ പറ്റുകയാണ്.
വൈറോളജി ലാബിലേക്ക് 1.09 കോടി രൂപ വിലവരുന്ന കോൺഫോക്കൽ ഒപ്റ്റോമെട്രി, 1.29 കോടിയുടെ അഡ്വാൻസ്ഡ് ഫ്ലോസിറ്റോമെട്രി എന്നീ ഉപകരണങ്ങൾ 2019 ലാണ് വാങ്ങിയത്. ഇത് രണ്ടും ഇതുവരെ ഉപയോഗിച്ചിട്ടില്ല. വാറണ്ടി കാലാവധി അവസാനിക്കുന്നതോടെ പത്ത് ലക്ഷം രൂപയോളം വാർഷിക അറ്റകുറ്റപ്പണിക്ക് നൽകണം.
വൈറസ് രോഗ പരിശോധനാ കിറ്റുകൾ വാങ്ങിയതിലും ഫ്രീസറുകൾ വാങ്ങിയതിലും അഴിമതിയുണ്ട്. ലാബിന്റെ വികസന പ്രവർത്തനത്തിന്റെ ഭാഗമായി ആരംഭിച്ച ജോയിന്റ് അക്കൗണ്ടിലും ക്രമക്കേടുണ്ട്.
മെഡിക്കൽ കോളേജിലെ ക്രമക്കേടിന് പിന്നിൽ ചില ഉദ്യോഗസ്ഥരുടെയും ഡോക്ടർമാരുടെയും ഒത്താശയുണ്ട്. വൈറോളജി ലാബിൽ കോടികളുടെ ഉപകരണങ്ങൾ വാങ്ങി പ്രൈവറ്റ് കമ്പനികളിൽ നിന്ന് കമ്മീഷൻ തുക ഈടാ ക്കിയത് ആരൊക്കെയാണെന്ന കാര്യത്തിൽ കൃത്യമായ അന്വേഷണം നടക്കണം. കേന്ദ്ര സർക്കാരിന്റെ ഫണ്ട് വാങ്ങിയാണ് ആവശ്യമില്ലാത്തതും ഗുണമേന്മ കുറഞ്ഞതുമായ ഉപകരണങ്ങൾ പലതും വാങ്ങിയത്. അഴിമതിക്കെതിരെ നിയമനടപടികളും പ്രക്ഷോഭവുമായി മുന്നോട്ട് പോകും. കെ. എസ്. ഹരിഹരൻ, അഡ്വ.പി.കുമാരൻ കുട്ടി എന്നിവരും പങ്കെടുത്തു.