പുൽപ്പള്ളി: പുൽപ്പള്ളി വനാതിർത്തി ഗ്രാമങ്ങളിൽ ഏറുമാടങ്ങളുടെ എണ്ണം വർദ്ധിക്കുന്നു. വന്യജീവി ശല്യം കാരണമാണ് ഏറുമാടങ്ങൾ നിർമ്മിക്കുന്നത്.

മുമ്പ് കുടിയേറ്റ കാലഘട്ടങ്ങളിലായിരുന്നു ഇങ്ങനെ ഏറുമാടങ്ങൾ ഗ്രാമപ്രദേശങ്ങളിൽ വ്യാപകമായി കണ്ടിരുന്നത്. ഇന്ന് വനത്തോട്‌ ചേർന്ന എല്ലായിടങ്ങളിലും ഏറുമാടങ്ങൾ പതിവ്കാഴ്ചയാണ്.
വനാതിർത്തിയോട്‌ചേർന്ന് കിടക്കുന്ന എല്ലാ പ്രദേശങ്ങളിലും കാട്ടുമൃഗശല്യം രൂക്ഷമാണ്. ആനയും മാനും കാട്ടുപന്നിയും അടക്കമുള്ള മൃഗങ്ങൾ കൃഷിയിടങ്ങളിലേയ്ക്ക് ഇറങ്ങുന്നത് പതിവായി. വൻ കൃഷിനാശമാണ് നിത്യേന ഇവ ഉണ്ടാക്കുന്നത്. മഴക്കാലമായാൽ ശല്യം ഇനിയും കൂടും. ഈ സാഹചര്യത്തിലാണ് കർഷകർ ഏറുമാടങ്ങൾ പാടത്തും മറ്റും കെട്ടി ഉയർത്തുന്നത്. രാപ്പകൽ കാവലിരുന്നാണ് ഇവർ കൃഷി സംരക്ഷിക്കുന്നത്.

വനാതിർത്തികളിൽ പ്രതിരോധ സംവിധാനങ്ങൾ പലയിടത്തും ഫലപ്രദമല്ല. പുൽപ്പള്ളി പഞ്ചായത്തിലെ ചാത്തമംഗലം പാടശേഖരം ആകെ 60 ഏക്കറിൽ താഴെ മാത്രമാണുള്ളത്. എന്നാൽ 20 ഓളം കാവൽ മാടങ്ങളാണ് ഇവിടെ കെട്ടിയുയർത്തിയിരിക്കുന്നത്. പ്രതിരോധ സംവിധാനങ്ങൾ കാര്യക്ഷമമല്ലാത്തതിനാൽ ഏറുമാടങ്ങളുടെ എണ്ണവും വർദ്ധിക്കുകയാണ്.