കൽപ്പറ്റ: കയറിക്കിടക്കാൻ കിടപ്പാടം നഷ്ടപ്പെട്ട ആദിവാസികൾ കളക്ടറേറ്റ് പടിക്കൽ കഞ്ഞിവെപ്പ് സമരം നടത്തി. തിരുനെല്ലി മല്ലികപ്പാറ കോളനി കോളനിവാസികളാണ് സമരം നടത്തിയത്. വനത്തോട് ചേർന്നുള്ള കോളനിയിൽ അടിസ്ഥാന സൗകര്യമൊരുക്കാൻ പോലും അധികൃതർ തയ്യാറാകുന്നില്ലെന്ന് കോളനിവാസികൾ പറയുന്നു.
കോളനിയിലേക്ക് എത്താനുള്ള ഏകമാർഗ്ഗമായ വഴി സ്വകാര്യവ്യക്തി കെട്ടിയടച്ചതോടെ കോളനിയിലെ കുടിലുകൾ ഉപേക്ഷിച്ച് വാടക വീടുകളിലാണ് മല്ലികപ്പാറ കോളനിക്കാർ കഴിയുന്നത്.
പലതവണ വീടിനും സ്ഥലത്തിനുമായി പഞ്ചായത്തിൽ നിവേദനം നൽകിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ഇവർ പറയുന്നു.
അതിരൂക്ഷമായ വന്യജീവി ശല്യത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് മല്ലികപ്പാറയിലെ കുടുംബങ്ങൾ കുടിയൊഴിഞ്ഞത്. തോൽപ്പെട്ടി വനാതിർത്തിയിൽ കർണാടകയിലെ നാഗർഹോള വനത്തോടു ചേർന്നാണ് മല്ലികപ്പാറ. അരണപ്പാറയിൽനിന്ന് രണ്ടു കിലോമീറ്റർ മാറി കുന്നിൻമുകളിലാണ് ഈ പ്രദേശം.
50 സെന്റ് വീതം ഭൂമി നൽകി ഒമ്പത് കാട്ടുനായ്ക്ക കുടുംബങ്ങളെയാണ് മല്ലികപ്പാറയിൽ കുടിയിരുത്തിയിരുന്നത്. വന്യജീവികൾ കോളനി പരിസരം വിഹാരഭൂമിയാക്കിയപ്പോഴാണ് ഈ കുടുംബങ്ങൾ ജീവിക്കാൻ മറ്റിടങ്ങൾ തേടിയത്. കുടിയൊഴിഞ്ഞതിൽ നാലു കുടുംബങ്ങൾക്ക് കാട്ടിക്കുളത്തിനടുത്ത് ഭൂമിയും വീടും ലഭിച്ചു. മറ്റു കുടുംബങ്ങൾ വാടക വീടുകളിലും ബന്ധുഗൃഹങ്ങളിലുമായി ജീവിതം തുടരുകയാണ്.
പ്രശ്നം നേരിൽ പറയുന്നതിന് മൂന്നു തവണ ജില്ലാ കലക്ടറെ കാണാനെത്തിയെങ്കിലും കാണാൻ അനുമതി ലഭിച്ചില്ലെന്നും ആദിവാസികൾ പറയുന്നു.
കഞ്ഞിവെപ്പുസമരം മക്തബ് പത്രാധിപർ കെ.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഗൗരി മല്ലികപ്പാറ അദ്ധ്യക്ഷത വഹിച്ചു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പി.പി.ഷാന്റോലാൽ, ഡോ.പി.ജി.ഹരി, മുജീബ് റഹ്മാൻ അഞ്ചുകുന്ന്, അജയൻ മണ്ണൂർ, സെയ്തു കുടുവ, കെ.പി.സുബൈർ, സി.കെ.ഗോപാലൻ എന്നിവർ പ്രസംഗിച്ചു.