കോഴിക്കോട്: സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസിലെ പ്രതികളെ കോഴിക്കോട് സി.ജെ.എം കോടതി വെറുതെ വിട്ടു. പ്രോസിക്യൂഷന് കുറ്റം തെളിയിക്കാൻ കഴിയാത്തതിനാൽ ഒന്നാം പ്രതി മലപ്പുറം അരീക്കോട് സ്വദേശി മുഹമ്മദ് റഫീഖ്, മൂന്നാം പ്രതി കണ്ണൂർ സ്വദേശി സുബൈർ എന്നിവരെയാണ് വെറുതെ വിട്ടത്. രണ്ടാം പ്രതി ഷഫീഖ് ഒളിവിലാണ്.
കോഴിക്കോട്ടെ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് നടത്തിപ്പ് സംഘത്തിന് രാജ്യാന്തര ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. കോഴിക്കോട് ചിന്താവളപ്പ് റോഡിൽ വാടക കെട്ടിടത്തിലാണ് എക്‌സ്‌ചേഞ്ച് പ്രവർത്തിച്ചിരുന്നത്. കോഴിക്കോട് നഗരത്തിലെ സ്മാർട്ട് ടെക് എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. 2007 സെപ്തംബറിലാണ് മൂന്നംഗ സംഘത്തെ കസബ പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്ത് നിന്നുള്ള ഫോൺ കോളുകൾ ലോക്കൽ കോളുകളാക്കി മാറ്റിയായിരുന്നു ടെലിഫോൺ എക്‌സ്‌ചേഞ്ചിന്റെ പ്രവർത്തനം. തട്ടിപ്പിലൂടെ 94 ലക്ഷം രൂപ സർക്കാരിന് നഷ്ടമായെന്നാണ് കണക്ക്. കോഴിക്കോട് ക്രൈംബ്രാഞ്ചാണ് കേസന്വേഷിച്ചത്.