സുൽത്താൻ ബത്തേരി: ഉദ്യോഗാർത്ഥി നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണത്തിന്റെ പേരിൽ വിവാദം സൃഷ്ടിച്ച ബത്തേരി കോ-ഓപ്പറേറ്റീവ് അർബ്ബൻ ബാങ്കിൽ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുതിയ വിവാദം. നിലവിലുള്ള ഭരണ സമിതി ഇടതുപക്ഷത്തിന് ബാങ്കിന്റെ ഭരണം എത്തിക്കുന്നതിനുവേണ്ടിയുള്ള നീക്കം നടത്തുകയാണെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്.
കെ.പി.സി.സി മെമ്പർ കെ.കെ.വിശ്വനാഥനാണ് പുതിയ ആരോപണവുമായി രംഗത്ത് വന്നത്. ഇതോടെ തണുത്തുകിടന്നിരുന്ന വിവാദങ്ങൾ വീണ്ടും ചൂട് പിടിച്ചു. കോൺഗ്രസിൽ കലാപവും തുടങ്ങി.
കോൺഗ്രസിന്റെ നിയന്ത്രണത്തിലാണ് ബാങ്ക് ഭരണസമിതി. ബാങ്കിലെറെ നിയമനങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളെ തുടർന്ന് ബാങ്കിന്റെ ചെയർമാനെ പാർട്ടി പുറത്താക്കിയിരുന്നു. എന്നാൽ ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കാൻ പാർട്ടിക്കായില്ല.
പാർട്ടിയുടെ ബാനറിൽ മൽസരിച്ച് ചെയർമാനായ ആളെ പുറത്താക്കിയിട്ടും ചെയർമാനായി തുടരുന്നത് പാർട്ടി നേതൃത്വത്തിന്റെ വീഴ്ചയാണെന്നാണ് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരുടെ ആരോപണം. അതിനിടെ പാർട്ടി പുറത്താക്കിയ മറ്റൊരു നേതാവിനെ തിരികെ എടുക്കുന്നതിനുള്ള നീക്കവും ജില്ലാ നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഒരു കെ.പി.സിസി ഭാരവാഹിയുടെ ഭാഗത്ത് നിന്നും ഉണ്ടായെന്ന ആരോപണവും കോൺഗ്രസിലെ കലാപം രൂക്ഷമാക്കി.
പുൽപ്പള്ളി ബാങ്കുമായി ബന്ധപ്പെട്ട് കോൺഗ്രസിലെ രണ്ട് നേതാക്കൾ നടത്തിയ വിവാദ പത്രസമ്മേളനത്തെ തുടർന്ന് അവരെ സസ്‌പെന്റ് ചെയ്യുകയും വീണ്ടും തിരിച്ചെടുക്കുകയും ചെയ്തിരുന്നു.
ബത്തേരി താലൂക്കിൽ മാത്രം ഒതുങ്ങി നിന്ന അർബ്ബൻ ബാങ്ക് ഇന്ന് ജില്ലയിൽ എല്ലാ താലൂക്കുകളിലും ബ്രാഞ്ചുകളുള്ള ബാങ്കാണ്. പതിനാലായിരത്തോളം മെമ്പർമാരുമുണ്ട്. ബാങ്ക് ഭരണസമിതിയുടെ കാലാവധി തീരാൻ രണ്ട് മാസം മാത്രം അവശേഷിക്കവെ ഭരണസമിതി തീരുമാനമെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചില്ലെങ്കിൽ ബാങ്ക് ഭരണ സമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏർപ്പെടുത്തേണ്ടിവരും. ഇങ്ങനെ വന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ കോൺഗ്രസിന് ഭരണം നഷ്ടമാകും.
മെമ്പർമാരിൽ ഭൂരിഭാഗവും കോൺഗ്രസ് അനുകൂലികളാണെങ്കിലും ബാങ്കിൽ നടന്ന നിയമനങ്ങളിലെ കോഴയാരോപണം കോൺഗ്രസിനെ വേട്ടയാടും. ബത്തേരി ഒഴിച്ചുള്ള മറ്റ് ബ്രാഞ്ചുകളിലെ മെമ്പർമാർ കോൺഗ്രസ് അനുകൂല നിലപാടുള്ളവരല്ല.
അർബ്ബൻ ബാങ്കിൽ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏർപ്പെടുത്താനുള്ള നീക്കം
സുൽത്താൻ ബത്തേരി: ബത്തേരി അർബ്ബൻ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം നടത്താനുള്ള നീക്കമാണ് നടത്തുന്നതെന്ന് കെ.പി.സി.സി മെമ്പർ കെ.കെ.വിശ്വനാഥൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ആഗസ്റ്റ് ആദ്യവാരം നടക്കേണ്ട തിരഞ്ഞെടുപ്പിന് വേണ്ട യാതൊരു നടപടിയും ഭരണസമിതി സ്വീകരിച്ചിട്ടില്ല. ഇത് അഡ്മിനിസ്‌ട്രേറ്റീവ് നിയമനത്തിലൂടെ ഭരണം സിപിഎമ്മിന്റെ കൈകളിലെത്തിക്കുന്നതിന് വേണ്ടിയാണെന്ന് വിശ്വനാഥൻ പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷവും ഭരണസമിതിയെ നോക്കുകുത്തിയാക്കി പിൻസീറ്റ് ഭരണം നടത്തിവന്ന ആളാണ് ഭരണം സിപിഎമ്മിന്റെ കൈകളിലെത്തിക്കാൻ ശ്രമം നടത്തുന്നത്. കോൺഗ്രസ് നിയന്ത്രണത്തിലുള്ളതും കോൺഗ്രസിന് വിജയ സാധ്യതയുണ്ടായിരുന്നതുമായ ആറ് സഹകരണ സംഘങ്ങളാണ് തിരഞ്ഞെടുപ്പിന് തീരുമാനമെടുക്കാതെ സിപിഎമ്മിന് വിറ്റത്. അടുത്തകാലത്ത് കോൺഗ്രസിൽ നിന്ന് സിപിഎമ്മിലേക്ക് പോയ പി.വി.ബാലചന്ദ്രന് അഭയം നൽകാനാണ് ഭരണസമിതിയുടെ ഇപ്പോഴത്തെ ഈ നീക്കം.
അർബ്ബൻ ബാങ്കിന്റെ പ്രവർത്തന പരിധി ജില്ല മുഴുവൻ വ്യാപിപ്പിച്ച് 41 തസ്തികകൾക്കായി സഹകരണ വകുപ്പിനോടപേക്ഷിച്ചിട്ടുണ്ട്. ഒരു തസ്തികയ്ക്ക് 35 ലക്ഷം മുതൽ 50 ലക്ഷം വരെയാണ്. അത് പങ്കിട്ടെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വിശ്വനാഥൻ ആരോപിച്ചു.
റിസർവ്വ് ബാങ്കിന്റെ നിയമമനുസരിച്ച് ഒരു ബ്രാഞ്ചിൽ ചുരുങ്ങിയത് 25 വൗച്ചറുകളെങ്കിലും ഒരു ദിവസം കൈകാര്യം ചെയ്യണം. എന്നാൽ പുതിയ പല ബ്രാഞ്ചിലും നാലും അഞ്ചും വൗച്ചറുകൾ മാത്രമാണ് ഇപ്പോൾ കൈകാര്യം ചെയ്യുന്നത്. ഓരോ ബ്രാഞ്ചിലും ചുരുങ്ങിയത് 5 പേരെങ്കിലും ഇപ്പോൾ ജോലി ചെയ്യുന്നുണ്ട് ഇതിന് പുറമെയാണ് 41 നിയമനങ്ങൾക്ക് നീക്കം നടക്കുന്നത്.