കോഴിക്കോട്: കൂളിമാട് പാലം തകർച്ചയിൽ അന്വേഷണം നടത്താതെ സർക്കാർ ഒളിച്ചുകളിക്കുന്നത് പലതും മറയ്ക്കാനുള്ളതുകൊണ്ടാണെന്ന് ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺകുമാർ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ അഴിമതി മോഡലിനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സത്യാവസ്ഥ പുറത്തറിയാൻ ജുഡീഷ്യൽ അന്വേഷണം വേണം. മന്ത്രി റിയാസിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണം. പൊതുമരാമത്ത് വിജിലൻസ് നടത്തുന്ന അന്വേഷണം ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് മന്ത്രിയെയും ഉദ്യോഗസ്ഥരെയും രക്ഷിക്കുന്നതിന് വേണ്ടിയാണ്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.ഷഹിൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറിമാരായ പി.കെ.രാഗേഷ്, ഒ.ശരണ്യ, സംസ്ഥാന നിർവാഹക സമിതി അംഗം ബവിത്ത് മലോൽ, ബവീഷ് ചേളന്നൂർ, ജസ്മിന മജീദ്, മുജീബ് പുറായിൽ, ജവഹർ പൂമംഗലം, പി.പി.റമീസ്, വി.ടി.സൂരജ്, ടി.എം.നിമേഷ് എന്നിവർ പ്രസംഗിച്ചു.