കോഴിക്കോട്: മിനിമം പെൻഷൻ 8,000 രൂപയായി വർദ്ധിപ്പിക്കുക, നിർത്തലാക്കിയ ക്ഷാമബത്ത പുനസ്ഥാപിച്ച് സഹകരണ ജീവനക്കാരുടേതിന് തുല്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബാലകൃഷ്ണൻ, മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി. കുഞ്ഞികൃഷ്ണൻ നായർ, സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി ഗോപിനാഥൻ, കേരള ബാങ്ക് റിട്ടയറീസ് ഫോറം സെക്രട്ടറി അജയകുമാർ, എംപ്ലോയിസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി ഉല്ലാസ്‌കുമാർ, കെ.സി.ഇ.യു ജില്ലാ ട്രഷറർ ഇ. സുനിൽ കുമാർ, എ.ടി.അബ്ദുളളക്കോയ, വി. കുഞ്ഞിരാമൻ നായർ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി കെ രാഘവൻ സ്വാഗതവും വി. വിജയൻ നന്ദിയും പറഞ്ഞു.