കോഴിക്കോട്: ബാലുശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഇനി മുതൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നു പഠിക്കും. പൊതു വിദ്യാഭ്യാസം ശക്തിപ്പെടുത്തുക, ലിംഗസമത്വം ഉറപ്പുവരുത്തുക എന്നിവയുടെ അടിസ്ഥാനത്തിലാണ് വിദ്യാലയത്തിൽ ആൺകുട്ടികൾക്കും പ്രവേശനം അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്. നിലവിൽ ഹയർസെക്കൻഡറി വിഭാഗം മിക്‌സഡ് ആണ്. യു.പി ഹൈസ്‌കൂൾ വിഭാഗങ്ങളിലേക്കാണ് ആൺകുട്ടികൾക്ക് പ്രവേശനം അനുവദിച്ച് ഉത്തരവായത്. പൊതുവിദ്യാഭ്യാസ വകുപ്പിന് പി. ടി.എ നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ഇതൊരു നല്ല തുടക്കമാണെന്നും വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും കെ.എം സച്ചിൻദേവ് എം.എൽ.എ പറഞ്ഞു.