കോഴിക്കോട്: കേരള സിവിൽ സപ്ലൈസ് ഓഫീസേഴ്‌സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പൊതു സംവാദം നടന്നു. 'പട്ടിണപ്പെരുപ്പത്തിന്റെ ഇന്ത്യയും കേരള ബദലും' വിഷയത്തിൽ നടന്ന സംവാദം കിഡ്സൺ കോർണറിൽ സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി.ബാലൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അജിത് കൊളാടി വിഷയം അവതരിപ്പിച്ചു. ബഹുഭൂരിപക്ഷം വരുന്ന പട്ടിണിപ്പാവങ്ങളെ വിട്ട് സമ്പന്നരെ അതിസമ്പന്നരാക്കുന്ന സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. ഇന്ന് ലോകത്തിന്റെ 83ശതമാനം വരുന്ന സമ്പത്ത് 16 ശതമാനം വരുന്ന സമ്പന്നരുടെ കൈകളിലാണ്. ലോകമെമ്പാടുമുള്ള സർക്കാരുകൾ പ്രവർത്തിക്കുന്നതും അവർക്ക് വേണ്ടിയെന്നും അജിത് പറഞ്ഞു. പി.കെ.നാസർ, പി.ഗവാസ്, പി.എസ്.സന്തോഷ് കുമാർ, വിജീഷ് തെക്കോട്ട് മീത്തൽ എന്നിവർ പ്രസംഗിച്ചു. ഇന്ന് രാവിലെ ഒമ്പതുമുതൽ എസ്.കെ.പൊറ്റക്കാട് ഹാളിലെ എസ്.ഗോവിന്ദൻ നായർ നഗറിൽ സംസ്ഥാന സമ്മേളനത്തിന് തുടക്കമാവും. പ്രതിനിധി സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ടി.ആർ.ബിനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് മൂന്നിന് 'ഭക്ഷ്യസുരക്ഷ-ഭക്ഷ്യ ഭദ്രത സംയോജനത്തിന്റെ ആവശ്യകതകൾ' വിഷയത്തിൽ നടക്കുന്ന സംവാദം ഭക്ഷ്യ മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും.