കൽപ്പറ്റ: സ്‌കൂൾ വർഷം ആരംഭിക്കാറായതോടെ സ്‌കൂൾ വിപണി ഉണർന്നു. കൊവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷവും സ്‌കൂൾ വിപണി സജീവമായിരുന്നില്ല.
അതേസമയം വിലക്കയറ്റം സ്‌കൂൾ വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്.
കൊവിഡിന് ശേഷം തിരിച്ചുവരവിനുള്ള കരുത്താകുന്നതാണ് ഇപ്പോഴത്തെ വിപണിയിലെ തിരക്കെന്ന് വ്യാപാരികൾ പറയുന്നു.
ബാഗ്, കുട, പേന, പെൻസിൽ, പുസ്തകം തുടങ്ങിയ
പഠനോപകരണങ്ങൾ വാങ്ങുന്നതിനായുള്ള തിരക്കിലാണ് രക്ഷിതാക്കളും കുട്ടികളും. ഇഷ്ടത്തിന് അനുസരിച്ചുള്ള ബാഗും കുടയുമെല്ലാം വാങ്ങുകയാണ് കുട്ടികളുടെ ആവശ്യമെങ്കിൽ രക്ഷിതാക്കൾക്ക് കയ്യിലുള്ള തുകകൊണ്ട് ആവശ്യമായ എല്ലാം വാങ്ങിക്കുകയാണ് ലക്ഷ്യം.
ഒട്ടുമിക്ക ഇനങ്ങൾക്കും വില വർധിച്ചിട്ടുണ്ട്. 10 മുതൽ 30 ശതമാനം വരെ വർദ്ധനവ് ഉണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്.
ജൂൺ ഒന്നിനാണ് സംസ്ഥാനത്ത് സ്‌കൂൾ തുറക്കുന്നത്. കഴിഞ്ഞ രണ്ട് അദ്ധ്യയന വർഷങ്ങളിൽ ഓൺലൈൻ ക്ലാസുകൾക്കാണ് കൂടുതൽ പ്രാധാന്യം നൽകിയിരുന്നത്. കഴിഞ്ഞ വർഷം ഏതാനും മാസങ്ങൾ മാത്രമേ കുട്ടികൾക്ക് സ്‌കൂളിലെത്തി പഠനം നടത്താൻ കഴിഞ്ഞിരുന്നുള്ളൂ.